തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്. വന്ദേ ഭാരത് ട്രെയിന്റെ ഫ്‌ളാഗ് ഓഫും 3,200 കോടിയുടെ മറ്റ് വികസന പദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും നരേന്ദ്രമോദി നിർവഹിക്കും.
10.10-നു് കൊച്ചിയിൽ നിന്ന് തിരുവന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് 10.30-ന് സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും. 10.50 വരെ അവിടെ ചിലവിടുകയും വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. 11-ന് സെൻട്രൽ സ്റ്റേഡിയത്തിൽ കൊച്ചി വാട്ടർ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി- ദിണ്ടിക്കൽ സെക്ഷൻ റെയിൽപ്പാതയും രാജ്യത്തിന് സമർപ്പിക്കും.
ഡിജിറ്റൽ സർവകലാശാലയുടെ ഡിജിറ്റൽ സയൻസ് പാർക്ക്, കൊച്ചുവേളി , തിരുവനന്തപുരം, നേമം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം മേഖലയുടെ വികസനം, തിരുവനന്തപുരം സെൻട്രൽ , വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്‌റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതി, തിരുവനന്തപുരം- ഷൊർണൂർ സെക്ഷനിലെ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററാക്കുന്ന പദ്ധതി തുടങ്ങിയവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും.
Comments