തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്. വഴിയോരത്ത് കാത്ത് നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി റെയിൽവേ സ്റ്റേഷനിലേക്ക് നീങ്ങിയത്. വാഹനത്തിന്റെ ഡോറ് തുറന്ന് എഴുന്നേറ്റ് നിന്നുകൊണ്ടാണ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. റോഡിന്റെ ഇരുവശങ്ങളിലുമായി നിരവധി ആളുകളാണ് പ്രധാനമന്ത്രിയെ കാത്ത് നിന്നത്.
ശംഖുമുഖത്തെ ടെക്‌നിക്കൽ ഏരിയയിലാണ് പ്രധാനമന്ത്രി വിമാനമിറങ്ങിയത്. തുടർന്ന് റോഡ് മാർഗമാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകവെയാണ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. വന്ദേ ഭാരത് ട്രെയിന്റെ ഫ്ളാഗ് ഓഫും 3,200 കോടിയുടെ മറ്റ് വികസന പദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും നിർവഹിക്കുന്നതിനാണ് നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.
10.10-ന് കൊച്ചിയിൽ നിന്ന് തിരുവന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് 10.30-ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യും. 10.50 വരെ അവിടെ ചിലവിടുകയും വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. ക്ഷണിയ്‌ക്കപ്പെട്ട യാത്രക്കാരെ ട്രെയിനിൽ പ്രവേശിപ്പിച്ചു. 11-ന് സെൻട്രൽ സ്റ്റേഡിയത്തിൽ കൊച്ചി വാട്ടർ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി- ദിണ്ടിക്കൽ സെക്ഷൻ റെയിൽപ്പാതയും രാജ്യത്തിന് സമർപ്പിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ രാവിലെ 10.30-നായിരിക്കും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിക്കുക.
പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നതിനോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഏജൻസികൾക്ക് പുറമെ രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷ ക്രമീകരണങ്ങൾക്കായി വിന്യസിച്ചിരിക്കുന്നത്.നഗരത്തിൽ ബസ്, ട്രെയിൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Comments