വന്ദേ ഭാരത് കേരളത്തിൽ കുതിപ്പ് ആരംഭിച്ച് കഴിഞ്ഞു. എക്സ്പ്രസിലെ ഭക്ഷണക്രമം സംബന്ധിച്ച വിവരം ഉടൻ പുറത്തിറങ്ങും. നിലവിൽ ചെന്നൈയിൽ നിന്ന് സർവീസ് നടത്തുന്ന വന്ദേ ഭാരതിന് ഏറെക്കുറെ സമാനമായ ഭക്ഷണമായിക്കും തിരുവനന്തപുരം- കാസർകോട് വന്ദേ ഭാരതിൽ നൽകുകയെന്നാണ് വിവരം.
വന്ദേ ഭാരതിലെ ഭക്ഷണത്തിന് 65 രൂപ മുതൽ 350 രൂപ വരെയാണ് ഈടാക്കുക. ഏറ്റവും കുറഞ്ഞ ദൂരമായ തിരുവനന്തപുരം-കൊല്ലം, കോട്ടയം-എറണാകുളം സഞ്ചരിക്കുന്ന യാത്രക്കാരന് 65 രൂപയുടെ ഭക്ഷണം ലഭിക്കും. ഒരേ ദൂരത്തിലുള്ള യാത്രയാണെങ്കിലും ചെയർകാറിലെയും എക്സിക്യൂട്ടീവ് കോച്ചിലെയും ഭക്ഷണനിരക്കിൽ വ്യത്യാസമുണ്ടായിരിക്കും. ചെയർകാറിൽ കുറഞ്ഞനിരക്കിൽ 65 രൂപയുടെയും എക്സിക്യൂട്ടീവ് കോച്ചിൽ കുറഞ്ഞനിരക്കിൽ 105 രൂപയുടെയും ഭക്ഷണമാണ് നൽകുക. ഏറ്റവുമധികം ദൂരമുള്ള തിരുവനന്തപുരം-കാസർകോട് റൂട്ടിൽ സഞ്ചരിക്കുന്നയാൾക്ക് ചെയർകാറിൽ 290 രൂപയുടെയും എക്സിക്യൂട്ടീവ് കോച്ചിൽ 350 രൂപയുടെയും ഭക്ഷണം നൽകും.
പ്രഭാതഭക്ഷണമായി എക്സിക്യൂട്ടീവ് കോച്ചിൽ ഇടിയപ്പവും കടലക്കറിയും പാലപ്പവും കടലക്കറിയും ഉപ്പുമാവ്, പൊങ്കൽ എന്നിവയാണ് ഉണ്ടാകുക. പ്രഭാതഭക്ഷണമായി എക്സിക്യൂട്ടീവ് കോച്ചിൽ ഓട്സ്, മൂസേലി, കോൺഫ്ലേക്സ്, പാൽ, തേൻ എന്നിവയും ലഭ്യമാക്കും. കൂടാതെ പഴങ്ങൾ, കേക്ക്, ഇളനീർ, ശീതളപാനീയം എന്നിവയും എക്സിക്യൂട്ടീവ് കോച്ചിൽ ഉണ്ടാകും. വന്ദേഭാരതിൽ ആദ്യമായി നൽകുന്നത് ചായ, കാപ്പി, ഗ്രീൻ ടീ, ലമൻ ടീ എന്നിവയിൽ ഏതെങ്കിലുമൊന്നും ബിസ്ക്കറ്റും ആയിരിക്കും.
ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി മട്ട അരിയുടെ ചോറ്, നെയ്ചോറ്, പുലാവ്, പുഴുങ്ങലരി ചോറ് എന്നിവയാണ് ഉണ്ടാകുക. കറികളായി സാമ്പാർ, പരിപ്പ് കറി, വെജ് കുറുമ, പനീർ ചെട്ടിനാട് എന്നിവയും ഉണ്ടാകും. വൈകുന്നേരത്തെ പലഹാരമായി പഴംപൊരി, ചിസ് സാൻവിച്ച്, ഹൽവ, കേക്ക്, കടലമിഠായി, കുടിക്കാനായി ചായ, കാപ്പി, ഗ്രീൻ ടീ, ലെമൻ ടീ, ഇളനീർ, ശീതളപാനീയം, ലസ്സി എന്നിവയും ലഭ്യമാകും.വന്ദേഭാരതിൽ ഭക്ഷണം വേണ്ടാത്തവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അത് ഒഴിവാക്കാനുള്ള അവസരം ഉണ്ടാകും.
Comments