തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത നാല് ദിവസം കൂടി മഴ തുടരാനാണ് സാധ്യത. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്നലെ പെയ്ത് മഴ കടുത്ത വേനൽ ചൂടിനിടയിൽ ആശ്വാസമായെങ്കിലും സംസ്ഥാനത്തെ നിരവധി പ്രദേശങ്ങൾ വെള്ളത്തിലായി. തിരുവനന്തപുരത്ത് ഇന്നലെ നഗര പ്രദേശങ്ങളിലും മലയോര മേഖലകളിലുമടക്കം ശക്തമായ മഴയാണ് ഉച്ച മുതൽ അനുഭവപ്പെട്ടത്. തിരുവനന്തപുരം നഗരത്തിൽ മാത്രം ഇന്നലെ 15 മിനിറ്റിൽ 16.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. എന്നാൽ മറ്റ് ചില മേഖലകളിൽ 15 മിനിറ്റിൽ 9.5 മി.മീ മഴ വരെയാണ് ലഭിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നും മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വരുന്ന നാല് ദിവസം കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖാപിച്ചിരിക്കുന്നത്.
ഇന്ന് എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വയനാടും, മറ്റന്നാൾ പാലക്കാടും, 30 ന് ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ മഴ ലഭിക്കാത്ത ജില്ലകളിൽ ചൂട് കൂടാനുംസാധ്യത.
Comments