തിരുവനന്തപുരം: മെയ് മാസം തുടങ്ങുമ്പോൾ സംസ്ഥാനത്ത് അതി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. മെയ് നാല് വരെ കേരളത്തിൽ ശക്തമായ മഴ പെയ്യാൻ സാധ്യയുണ്ടെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിലായിരിക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇത് പ്രകാരം വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. മഴ ശക്തമായി തുടരുന്ന പ്രദേശത്ത് ജനങ്ങൾ മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Comments