തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്തേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാദ്ധ്യതയുള്ളതെന്നും മുന്നറിയിപ്പുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. തീരപ്രദേശങ്ങളിൽ ഉള്ളവരും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. നാളെയോടെ മഴ കുറയും. എന്നാൽ അടുത്ത മൂന്ന് ദിവസംകൂടി വേനൽ മഴ തുടർന്നേക്കും.
ശനിയാഴ്ചയോടെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദ്ദമായി മാറും. നേരിട്ട് ബാധിക്കില്ലെങ്കിലും ഈ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി അടുത്തയാഴ്ച മഴ വീണ്ടും സജീവമായേക്കാം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Comments