തിരുവനന്തപുരം: വെള്ളറട ആനപ്പാറയ്ക്കു സമീപം ബൈക്ക് നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ചുവരിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായി പരുക്കിറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെടുമങ്ങാട് കാച്ചാണി ഊന്നൻപാറ വാഴവിള വീട്ടിൽ കുട്ടപ്പന്റെയും അനിതയുടേയും മകൻ അനീഷ് ആണ് ബൈക്ക് നിയന്ത്രണം വിട്ടുള്ള അപകടത്തിൽ മരിച്ചത്.
അപകടസമയത്ത് അനീഷാണ് ബൈക്ക് ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന കാച്ചാണി സ്വദേശി ജയകൃഷ്ണൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ആനപ്പാറ-ആറാട്ടുകുഴി റോഡിൽ മാവുവിളയിലെ വളവിലായിരുന്നു അപകടം നടന്നത്. നെട്ട ഭാഗത്തുനിന്ന് ആനപ്പാറയിലേക്ക് വരികയായിരുന്ന ബൈക്ക് സമീപത്തുള്ള കടയുടെ ചുവരിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ അനീഷിന്റെ തലയ്ക്കും ജയകൃഷ്ണന്റെ കാലിനുമാണ് പരിക്കേറ്റത്.
Comments