തിരുവനന്തപുരം : നായ കടിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തി ഇൻജക്ഷൻ എടുത്ത് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. സംഭവത്തിൽ പൂവത്തൂർ കമല ഭവൻ പണയിൽ വീട്ടിൽ മധുസൂദനൻ നായർ, മിനി ദമ്പതികളുടെ മൂത്ത മകൻ മിഥുൻ (28) ആണ് മരിച്ചത്.
അപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച മിഥുൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ജില്ലാ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം നടന്നത്. നാല് ദിവസത്തോളം ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും മിഥുൻ മരണത്തിന് കീഴടങ്ങി.
അതേസമയം തിങ്കളാഴ്ച രാവിലെയാണ് മിഥുനെ നായ കടിച്ചത്. ഇതേതുടർന്ന് ഇൻജക്ഷൻ എടുക്കാൻ ജില്ല ആശുപത്രിയിൽ എത്തിയതായിരുന്നു മിഥുൻ. ഇൻജക്ഷൻ എടുത്ത ശേഷം തിരികെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ മാർക്കറ്റ് ജങ്ഷനിൽ നിന്നും വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയവെയാണ് മരണം. അവിവാഹിതനാണ് മിഥുൻ. ഏക സഹോദരൻ ദീക്ഷിത്ത്.
Comments