കൊല്ലം: കൊല്ലം പുനലൂരിൽ നാലുമാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ സ്വദേശി ശരണ്യയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കൾക്കൊപ്പമാണ് ശരണ്യ ഉറങ്ങാൻ കിടന്നത്. എന്നാൽ പുലർച്ചെ ഒരു മണിയോട് കൂടി ശരണ്യ മറ്റൊരു റൂമിലേയ്ക്ക് മാറി കിടന്നു. രാവിലെ ചായയുമായി എത്തിയ അമ്മ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി മനസിലായി. തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ വാതിൽ ചവിട്ടി തുറന്നപ്പോൾ ശരണ്യ മുറിക്കുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു.
ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടാരക്കര പുത്തൂർ സ്വദേശി അഖിലുമായി ഒന്നരവർഷം മുൻപായിരുന്നു യുവതിയുടെ വിവാഹം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. അഖിലുമായുള്ള പിണക്കത്തെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് ശരണ്യ സ്വന്തം വീട്ടിലേയ്ക്ക് എത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments