തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ ആൾമാറാട്ടത്തിൽ എ വിശാഖിന്റെ പേര് പിൻവലിച്ച് കത്തയച്ചു. സർവകലാശാല രജിസ്ട്രാർക്ക് ആണ് കോളേജ് പ്രിൻസിപ്പൽ കത്തയച്ചത്. പ്രിൻസിപ്പൽ ഡോ.ഷൈജു ഇ-മെയിൽ മുഖേനെയാണ് വിവരം അറിയിച്ചിരിക്കുന്നത്. മത്സരിച്ചു ജയിച്ച അനഘയെ മാറ്റിയിട്ടാണ് വിശാഖിന്റെ പേര് ഉൾപ്പെടുത്തിയത്.
എസ്എഫ്ഐയുടെ ആൾമാറാട്ടം വിവാദമായതോടെ തിരുത്തലുമായി പ്രിൻസിപ്പൽ രംഗത്ത് എത്തിയിരുന്നു. യുയുസിയുടെ പേര് നൽകിയതിൽ പിശക് പറ്റിയെന്നായിരുന്നു പ്രിൻസിപ്പൽ പറഞ്ഞത്. പ്രിൻസിപ്പലിനോട് അടിയന്തിരമായി നേരിട്ട് ഹാജരാകാൻ സർവകലാശാല ആവശ്യപ്പെട്ടു.
യുയുസി ആയി ജയിച്ച അനഘയ്ക്ക് പകരം കോളേജിൽ നിന്ന് നൽകിയത് എസ്എഫ്ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേരായിരുന്നു. വിവാദമായപ്പോൾ പിശക് എന്നുപറഞ്ഞ് രക്ഷപ്പെടാനാണ് പ്രിൻസിപ്പൽ ശ്രമിച്ചത്. സർവകലാശാല തിരഞ്ഞെടുപ്പ് നടപടിയിൽ അടക്കം സംശയം കാണുന്നുവെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും സർവകലാശാല വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വിശാഖിന്റെ പേര് പിൻവലിച്ച് സർവകലാശാല രജിസ്ട്രാർക്ക് പ്രിൻസിപ്പൽ കത്തയച്ചത്.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിൽ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിലെ ആരോമലും അനഘയുമാണ് ജയിച്ചത്. എന്നാൽ കൗൺസിലർമാരുടെ പേരുകൾ കോളേജിൽ നിന്ന് സർവകലാശാലയിലേക്ക് നൽകിയപ്പോൾ അനഘയ്ക്ക് പകരം കോളേജിലെ ഒന്നാം വർഷ ബിഎസ്സി വിദ്യാർത്ഥി എ വിശാഖിന്റെ പേരാണ് ഉണ്ടായിരുന്നത്. എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണ് വിശാഖ്. കോളേജ് യൂണിയൻ തിരഞ്ഞെുപ്പിൽ ഇയാൾ മത്സരിച്ചിരുന്നില്ല. വിശാഖിനെ കേരള സർവകലാശാല യൂണിയൻ ചെയർമാൻ പദവിയിലെത്തിക്കാൻ വോണ്ടിയാണ് കോളേജ് തലത്തിൽ ആൾമാറാട്ടം നടത്തുന്നതെന്നാണ് വിവരം.
Comments