ആലപ്പുഴ: അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. അയൽവാസിയായ മോഹനനെ കൊലപ്പെടുത്തിയ കേസിലാണ് മണ്ണഞ്ചേരി പഞ്ചായത്ത് തകിടിവെളി കോളനിയിൽ മനു അറസ്റ്റിലായത്.
പ്രതിയ്‌ക്ക് മോഹനനോട് കടുത്ത മുൻ വൈര്യാഗ്യമുണ്ടായിരുന്നു. ഇതേ തുടർന്ന് ബുധനാഴ്ച പുലർച്ചെയോടെ പ്രതി വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി മോഹനനെ കൊലപ്പെടുത്തുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയുമാണ് ഇയാൾ കൊല നടത്തിയത്. കൃത്യത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ മണ്ണഞ്ചേരി പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സംഘം ചേർന്ന് കലവൂർ ഐ ടി സി ഭാഗത്ത് വീട് കയറി ആക്രമണം നടത്തിയ സംഭവത്തിലും ഐ ടി സി ഭാഗത്ത് വെച്ച് നടന്ന നരഹത്യ ശ്രമത്തിലും മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ കേസ് നിലവിലുണ്ട്. കൂടാതെ 2011-ൽ പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചുണ്ടായ വധശ്രമ കേസ്സിലും ഇയാൾ പ്രതിയാണ്. സ്റ്റേഷൻ പ്രിൻസിപ്പൽ സബ്ബ് ഇൻസ്‌പെക്ടർ കെ ആർ ബിജു, അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ ജെയിംസ്, നസീർ, സി പി ഒ മാരായ ഷാനവാസ്, വിഷ്ണു ബാലകൃഷ്ണൻ, സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments