മലപ്പുറം: താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ഉല്ലാസ ബോട്ട് ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കാൻ നിർദേശം. കൊച്ചി സിറ്റി പോലീസാണ് നിർദേശം നൽകിയത്. മാനദണ്ഡം പാലിക്കാതെ സർവീസ് നടത്തുന്ന ഉല്ലാസ ബോട്ടുകളിലേക്ക് യാത്രാക്കാരെ എത്തിക്കുന്ന ഇടനിലക്കാരെ ഒഴിവാക്കാനാണ് ഐ.ഡി. കാർഡ് ഏർപ്പെടുത്തുന്നത്.
ദിനംപ്രതി നിരവധി വിനോദ സഞ്ചാരികളാണ് ഉല്ലാസ ബോട്ട് യാത്രയ്ക്ക് കൊച്ചി മറൈൻ ഡ്രൈവിൽ എത്തുന്നത്. 100 ബോട്ടുകളുള്ള ഇവിടെ 65 ൽ താഴെ ബോട്ടുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഇടനിലക്കാർ വലിയ തുക വിനോദ സഞ്ചാരികളിൽ നിന്നും വാങ്ങി മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്ന ബോട്ടുകളിലേക്ക് ആളുകളെ എത്തിക്കുന്നുണ്ട്. കമ്മിഷൻ ലക്ഷ്യമിട്ടാണ് പ്രവർത്തനം. ഇത് ഒഴിവാക്കാനാണ് ബോട്ട് ജീവനക്കാർക്ക് ഐ.ഡി. കർഡ് നിർബന്ധമാക്കാൻ സിറ്റി പോലീസ് നിർദ്ദേശം നൽകിയത്.
300 ഓളം തൊഴിലാളികൾ ഉല്ലാസബോട്ടുകളിൽ പണിയെടുക്കുന്നുണ്ട്. ഇവരുടെ പേര് ,മേൽവിലാസം, ഫോട്ടോ, തൊഴിലെടുക്കുന്ന ബോട്ടിന്റെ പേര് എന്നിവ ഉൾപ്പെടുത്തിയാണ് ഐ.ഡി. കാർഡ് തയ്യാറാക്കേണ്ടത്. ഈ ഐ.ഡി. പോലീസ് പരിശോധിച്ച ശേഷമാകും കാർഡുകൾ വിതരണം ചെയ്യുക . ഓരാഴ്ചക്കുള്ളിൽ കാർഡ് നിർബന്ധമാക്കാനാണ് നിർദേശം. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ മറെെൻഡ്രൈവിൽ നടത്തിയ പരിശോധനയിൽ മാനദണ്ഡം ലംഘിച്ച് കൂടുതൽ യാത്രാക്കാരെ കയറ്റിയ രണ്ടു ബോട്ടുകൾ ഞായറാഴ്ച പോലീസ് പിടികൂടിയിരുന്നു. പരിശോധന കർശനമാക്കുന്നതിനിടെ കഴിഞ്ഞ ദിവസം വീണ്ടും നിയമ ലംഘനം ആവർത്തിച്ചു. 140 പേരെ കയറ്റേണ്ട ബോട്ടിൽ കുത്തുങ്ങൾ ഉൾപ്പെടെ 170 പേരുമായാണ് വീണ്ടും ബോട്ട് പിടികൂടിയത്. ഇത്തരം നിയമ ലംഘകരെ ഒഴിവാക്കാനാണ് നിലവിലെ പോലീസ് നടപടി. ഇത്കൂടാത ബോട്ട് ജെട്ടികളിൽ മഫ്തിയിൽ പോലീസ് പരിശോധന നടത്തും. കോസ്റ്റൽ പോലീസ് പെട്രോളിങ് ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments