എറണാകുളം: കൊച്ചിയിൽ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസം സ്വദേശി യാക്കൂബ് അലി, പശ്ചിമബംഗാൾ സ്വദേശി ബിഷ്ണു, കൂച്ച്ബിഹാർ സ്വദേശി ഗോപാൽ റോയ് എന്നിവരാണ് പിടിയിലായത്. പ്രതികളെ നോർത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. അനാശാസ്യ കേന്ദ്രത്തെപ്പറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ വലയിലായത്. റെയ്ഡിൽ വീട്ടിൽ നിന്നും ഗർഭനിരോധന ഉറകൾ, പണം, ലൈംഗിക ഉത്തേജക മരുന്നുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്.
കലൂരിന് സമീപം സെൻറ് അഗസ്റ്റിൻ റോഡിലെ അംബേദ്കർ നഗറിലെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവിടം കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകൾ പ്രതികൾ നടത്തിയിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന അസം സ്വദേശികളായ രണ്ട് പെൺകുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. അസം സ്വദേശിനികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് പോലീസ് സംശയിക്കുന്നു.
സംഭവത്തിൽ വേശ്യാവൃത്തി തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തുമെന്നും ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. കുറച്ച് നാളായി പ്രദേശത്ത് പെൺകുട്ടികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം ഇവർ നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Comments