എറണാകുളം: കൊച്ചി ലഹരിവേട്ട കേസിലെ പ്രതി സുബൈർ ദെരക് ഷാൻ ദേയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനൊരുങ്ങി എൻ സി ബി. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകിയേക്കും. രക്ഷപെട്ട ലഹരി സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് എൻ സി ബി.
കൊച്ചി പുറംകടലിൽ നിന്ന് പിടിച്ചെടുത്ത 25,000 കോടി രുപ വിലമതിക്കുന്ന മെതാ ഫെറ്റമിൻ പാകിസ്താനിൽ നിന്നുള്ളതാണെന്ന് എൻ സി ബി കണ്ടെത്തിയിരുന്നു. എന്നാൽ ഇറാൻകാരനാണെന്ന മൊഴിയിൽ തുടക്കത്തിൽ ഉറച്ചു നിൽക്കുന്ന സുബൈറിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ലഹരിക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കും. പ്രതിയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് എൻ സി ബി നീക്കം. ഇതിനൊപ്പം എൻ ഐ എ യും കേസിന്റെ വിവരങ്ങൾ ശേഖരിച്ചിരുന്നു. പാകിസ്താനിൽ നിന്നുള്ള മയക്കുമരുന്ന് സംഘമാണ് മെതാ ഫെറ്റമിൻകൈമാറിയതെന്ന് സുബൈർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ പാക് ബന്ധങ്ങളിൽ കൂടുതലൊന്നും ഇയാൾ വെളിപ്പെടുത്തുന്നില്ല.
രക്ഷപ്പെട്ടവരെ കുറിച്ചോ, കടലിൽ താഴ്ത്തിയ മയക്കുമരുന്നുകളെ സംബന്ധിച്ചോ കൂടുതൽ വിവരങ്ങളൊന്നും എൻ സി ബി ക്കും ലഭിച്ചിട്ടില്ല, കുപ്രസിദ്ധ ലഹരി സംഘമായ ഹാജി സലിം ശൃംഖലയാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്നാണ് സൂചന. ഇവരെ നിയന്ത്രിക്കുന്നത് പാക് ചാരസംഘടന ഐ എസ് ഐയാണ്. നേരത്തെ കൊച്ചി തീരത്തുനിന്നും എൻ സി ബി യും, നാവിക സേനയും ചേർന്ന് പിടികൂടിയ 1200 കോടി രൂപ വിലവരുന്ന 200 കിലോ ഹെറോയിൻ എത്തിയത് പാക്കിസ്ഥാനിൽ നിന്നാണെന്ന് വ്യക്തമായിരുന്നു. പിടിക്കപ്പെടുമെന്നായാൽ സംഘാംഗങ്ങളെ രക്ഷപെടുത്താൻ മറ്റൊരു മദർ ഷിപ്പ് ലഹരി കടത്തിയ കപ്പലിനൊപ്പമുണ്ടായിരുന്നതായി കരുതുന്നു.
Comments