എറണാകുളം: കെഎസ്ആർടിസി ബസിൽ യാത്രയ്‌ക്കിടെ സഹയാത്രക്കാരിയോട് മോശമായി പെരുമാറുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്ത സവാദ് കുറ്റ്യാടിയിലെ സജീവ മുസ്ലീംലീഗ് പ്രവർത്തൻ. വിദേശത്ത് ജോലി ചെയ്തിരുന്ന കാലത്ത് ഇയാൾ ലീഗ് അനുകൂല സംഘടനയായ കെഎംസിസിയുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മുസ്ലീം ലീഗിന്റെ സൈബർ ഇടങ്ങളിലും സജീവ സാന്നിദ്ധ്യമാണ് സവാദ്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ലീഗിന്റെ ഒരു ഘടകവും ഇതുവരെ തയ്യാറായിട്ടില്ല.
പട്ടാപ്പകലാണ് കെഎസ്ആർടിസി ബസിൽ വെച്ച് സഹയാത്രക്കാരിയോട് സവാദ് മോശമായി പെരുമാറിയത്. യുവനടിയായ യുവതി തന്നെയാണ് തനിക്കുണ്ടായ അനുഭവം വീഡിയോയിലൂടെ സമൂഹമാദ്ധ്യമങ്ങൾ വഴി പുറത്തുവിട്ടത്. താൻ ബസിൽവെച്ച് പകർത്തിയ വീഡിയോ സഹിതമാണ് യുവതി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ അത്താണിയിലാണ് സംഭവം നടന്നത്. ചലച്ചിത്രപ്രവർത്തകയായ തൃശ്ശൂർ സ്വദേശിനി ഷൂട്ടിംഗ് ആവശ്യത്തിനായി കെഎസ്ആർടിസി ബസിൽ എറണാകുളത്തേക്ക് പോവുകയായിരുന്നു. അങ്കമാലിയിൽ നിന്നാണ് 27 കാരനായ സവാദ് ഈ ബസിൽ കയറിയത്. 3 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ പരാതിക്കാരിയ്‌ക്കും മറ്റൊരു സ്ത്രീക്കും ഇടയിലാണ് സവാദ് കയറി ഇരുന്നത്. ബസ് അങ്കമാലിയിൽ നിന്ന് പുറപ്പെട്ടതോടെ സവാദ് മോശമായി പെരുമാറാൻ തുടങ്ങി. തുടർന്ന് സവാദ് നഗ്നത പ്രദർശിപ്പിക്കുകയും സ്വയംഭോഗത്തിന് ശ്രമിക്കുകയും ചെയ്തു.
ഇത് ശ്രദ്ധയിൽ പെട്ടതോടെ യുവാവറിയാതെ മൊബൈലിൽ യുവതി വീഡിയോ എടുത്തു. യുവതി സീറ്റിൽ നിന്ന് ചാടി എഴുന്നേറ്റ് സവാദിനെതിരെ പ്രതികരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. യുവതിയുടെ പെട്ടന്നുള്ള പ്രതികരണത്തിൽ പകച്ച യുവാവ് താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് സീറ്റിൽ നിന്നും എഴുന്നേറ്റു. തുടർന്ന് സവാദ് ബസിൽ നിന്ന് ഇറങ്ങാനായി ശ്രമിച്ചു. എന്നാൽ യുവതി കണ്ടക്ടറോട് പരാതിപ്പെട്ടു. തുടർന്ന് അത്താണി സിഗ്നലിൽ ബസ് നിർത്തിയപ്പോൾ സവാദ് പുറത്തേക്ക് ഇറങ്ങിയോടി. പിന്നാലെ ഓടിച്ചെന്ന് കണ്ടക്ടർ പിടിച്ചെങ്കിലും സവാദ് കുതറി ഓടി. ഇതോടെ നാട്ടുകാരും യാത്രക്കാരും ചേർന്ന് സവാദിനെ പിടികൂടി നെടുമ്പാശ്ശേരി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ എല്ലാ വിശദാംശങ്ങളും വീഡിയോ സഹിതം യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
തനിക്ക് ആ സമയത്ത് പ്രതികരിക്കാൻ തോന്നിയതിൽ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ്സ് ജീവനക്കാർക്കും സഹയാത്രക്കാർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോയിൽ പറഞ്ഞു. ബസിൽ ഒരു നിയമവിദ്യാർഥിനി ഉണ്ടായിരുന്നു. അവർ എന്നോടൊപ്പം അവസാനം വരെ നിന്നു. അവർക്കും ഞാൻ നന്ദി പറയുന്നു. ഞങ്ങൾ പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തുവെന്നും ബസ്സിലെ കണ്ടക്ടർ വലിയ സഹായമാണ് ചെയ്തതെന്നും ഡ്രൈവർ ഉൾപ്പടെ ബസിൽ ഉണ്ടായിരുന്നവരും നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളവരും നന്നായി തന്നെ സഹായിച്ചുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും യുവതി വീഡിയോയിൽ പറയുന്നു.
Comments