കോഴിക്കോട്: കേരളം ലോകത്തിന് മാതൃകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വ്യാജ പ്രചാരണങ്ങളെ തള്ളി മാറ്റിയാണ് കേരളം മുന്നോട്ട് പോകുന്നത്. റവന്യൂ വരുമാനത്തിന്റെ 99 ശതമാനവും പിരിച്ചെടുക്കാൻ സാധിച്ച ഒരേയൊരു സംസ്ഥാനം കേരളമാണെന്നും മന്ത്രി അവകാശപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച എന്റെ കേരളം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളെ ആകെ പൂട്ടി പോകുമെന്ന് പറഞ്ഞ കേരളം ജനങ്ങളുടെ പരിപൂർണ പിന്തുണയോടുകൂടി ഉയർത്തെഴുന്നേറ്റ് മുന്നോട്ടു പോകുന്നുവെന്ന് പറയുന്നത് ശ്രദ്ധേയമാണ്. വ്യാജ പ്രചാരണങ്ങളെ ജനങ്ങളുടെ പിന്തുണയോടുകൂടി തള്ളിമാറ്റി മുന്നോട്ടുപോകാൻ സർക്കാരിന് സാധിക്കുന്നുവെന്നത് അഭിമാനകരമാണ്. കേരളം ലോകത്തിന് മാതൃകയാവുന്ന ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളം വ്യാവസായ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കി.
മറ്റു സംസ്ഥാനങ്ങളിൽ സാധാരണക്കാരുടെ കുട്ടികൾ പഠിക്കാൻ സാധ്യതയില്ലാതാവുന്ന സാഹചര്യത്തിൽ അത്തരക്കാർക്ക് താങ്ങാവുന്ന തരത്തിൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല മാറുന്നുവെന്നത് അഭിമാനകരമായ നേട്ടമാണ്. സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികൾക്ക് പാഠപുസ്തകവും യൂണിഫോമുകളും സൗജന്യമായി എത്തിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ് എന്നത് അഭിമാനത്തോടെ പറയുന്നു.
2016 മുതൽ 2021 വരെ കേരളത്തിലെ മാദ്ധ്യമങ്ങൾ നടത്തുന്ന അന്തിചർച്ചകളിലെ വിഷയങ്ങൾ ജനങ്ങൾ വിശ്വസിച്ചിരുന്നെങ്കിൽ 2021 തിരഞ്ഞെടുപ്പിൽ വോട്ടെണ്ണി കഴിയുമ്പോൾ എൽഡിഎഫ് മുന്നണിക്ക് കെട്ടിവെച്ച പണം പോലും നഷ്ടപ്പെടുമായിരുന്നു. എന്നാൽ, കൂടുതൽ സീറ്റുകൾ നേടി ഇടതുപക്ഷ മുന്നണി അധികാരത്തിൽ വന്നു. കണ്ണിലെ കൃഷ്ണമണി പോലെ മതനിരപേക്ഷത സംരക്ഷിക്കാൻ, അഴിമതിയില്ലാത്ത സർക്കാർ ഉണ്ടാവണമെങ്കിൽ ഇടതുപക്ഷം കേരളം ഭരിക്കണമെന്ന് ജനങ്ങൾക്ക് അറിയാം. കുതിച്ച് മുന്നോട്ട് പോകുന്ന സർക്കാരാണിത് എന്നും റിയാസ് പറഞ്ഞു.
Comments