പത്തനംതിട്ട: ശബരിമലയിൽ ഇടവ മാസ പൂജ പൂർത്തിയാക്കി ഇന്ന് രാത്രി പത്തിന് ക്ഷേത്ര നട അടയ്‌ക്കും. സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കി ഇന്നലെ വൈകിട്ട് നട തുറന്ന ശേഷം സഹസ്ര കലശ പൂജ നടന്നു. പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ കളം വരച്ച് 1001 കലശങ്ങൾ വെച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ കാർമികത്വത്തിൽ ബ്രഹ്‌മ കലശവും പരികർമികൾ ഖണ്ഡ ബ്രഹ്‌മ കലശങ്ങളും പൂജിച്ചു നിറച്ചു.
മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. ഇന്ന് ഉച്ചയ്‌ക്ക് അയ്യപ്പ വിഗ്രഹത്തിന്മേൽ സഹസ്ര കലശാഭിഷേകം നടക്കും. ഇന്നലെ ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ നടന്നു. ഇന്നലെയും ദർശനത്തിനായി വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖർ ബാബു, നാഗർകോവിൽ മേയർ മഹേഷ് എന്നിവർ ഇന്നലെ അയ്യപ്പ ദർശനം നടത്തി.
Comments