പത്തനംതിട്ട: കോന്നി എംഎൽഎയും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ കെ യു ജനീഷ്കുമാർ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയതിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധം. എംഎൽഎ മേൽമുണ്ട് പുതച്ചും കുറിതൊട്ടുമാണ് ക്ഷേത്രദർശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
എന്നാൽ എംഎല്‍എയുടെ ക്ഷേത്രദര്‍ശനം പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ തിരുത്തല്‍ രേഖയ്‌ക്കെതിരാണെന്നാണ് അംഗങ്ങൾ പറയുന്നത്. പാര്‍ട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവുമായി ബന്ധപ്പെട്ട ആചരാനുഷ്ഠാനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ തിരുത്തല്‍ രേഖയെന്നാണ് വാദം. ഇതോടെ എംഎല്‍എയുടെ ക്ഷേത്രദർശനത്തെ തുടർന്ന് പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ക്ഷേത്ര ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ച ജനീഷ് കുമാർ പാർട്ടിയുടെ വിലക്കോ നിർദേശമോ ഒന്നും തന്നെ ഇക്കാര്യത്തിൽ ഇല്ലെന്ന് വ്യക്തമാക്കി. “ക്ഷേത്രദർശനം നടത്തിയെന്നതു ശരിയാണ്. വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽനിന്നു വിട്ടുനിൽക്കണമെന്ന നിർദേശം പാര്‍ട്ടി നല്‍കിയിട്ടില്ല. പോയതു വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണോ എന്നതു വ്യക്തിപരമായ കാര്യമാണ്”- എംഎൽഎ പറഞ്ഞു.
Comments