ഇസ്ലാമബാദ്: ദാരിദ്രവും പണപ്പെരുപ്പവും കൊണ്ടും പൊറുതിമുട്ടിയ പാകിസ്താന് 18 ബില്യൺ ഡോളറിന്റെ പിഴ മുന്നറിയിപ്പ്. ഇറാൻ- പാകിസ്താൻ വാതക പൈപ്പ് ലൈൻ പദ്ധതി അടിയന്തരമായി പൂർത്തിയാക്കിയില്ലെങ്കിൽ പാക് സർക്കാർ ഇറാന് പിഴയായി നൽകേണ്ടി വരിക 18 ബില്യൺ ഡോളറാണ്. പാക് അക്കൗണ്ട് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച ആശങ്ക പങ്കുവെച്ചത്. ഇറാൻ ഇതിനകം തന്നെ തങ്ങളുടെ ഭാഗം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ പാകിസ്താന് ഇതുവരെ പദ്ധതിയുമായി മന്നോട്ട് പോകാൻ സാധിച്ചിട്ടില്ല. പദ്ധതിക്കായി ഇറാൻ ചെലവാക്കിയ തുക തിരിച്ചു പിടിക്കാനാണ് പിഴ ചുമത്തുന്നത്.
ഇറാനിൽ നിന്ന് പാകിസ്താനിലേക്ക് പ്രകൃതി വാതകം എത്തിക്കുന്നതിനുള്ള പദ്ധതിയാണിത്. സൗത്ത് പാർസ് ഫീൽഡിൽ നിന്ന് ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളിലേക്ക് പ്രകൃതി വാതകം കൊണ്ടുപോകുന്നതിനാണ് ഇത് നിർമ്മിക്കുന്നത്. 2015 ൽ പ്രവർത്തനം ആരംഭിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ പാക് സർക്കാരിന് സാധിച്ചില്ല. എന്നാൽ ഇറാനെതിരായ യുഎസ് ഉപരോധമാണ് പാക് സർക്കാറിനെ പൈപ്പ് ലൈൻ പദ്ധതിയിൽ നിന്നും തടയുന്നതായാണ് സൂചന.
എന്നാൽ തങ്ങൾ പൈപ്പ് ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് അമേരിക്ക അംഗീകാരം നൽകുന്നില്ലെന്നും അതിനാൽ അവരാണ് പിഴ തുക നൽകേണ്ടത്. പാകിസ്താനെ ശിക്ഷിക്കുമ്പോൾ ഇന്ത്യയോട് മൃദുസമീപനം പുലർത്തുകയാണ് യുഎസ് ചെയ്യുന്നതെന്ന് പാക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ ആലം ഖാൻ പറയുന്നു.
ദൈനംദിന ചെലവുകൾക്ക് പോലും പാക് സർക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഈ പിഴ തുക എവിടെ നിന്നും അടക്കുമെന്നാണ് പാക് ജനത ചോദിക്കുന്നത്. പണപ്പെരുപ്പംവും വിലക്കയറ്റവും കാരണം അവശ്യവസ്തുക്കൾക്ക് പോലും നൽകേണ്ടി വരുന്നത് വൻ തുകയാണ്.
Comments