എറണാകുളം: സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്റർ ആക്കുന്നതിന്റെ ഭാഗമായി ഈ മാസം അവസാനത്തോടെ ലിഡാർ സർവേ നടത്താനൊരുങ്ങി റെയിൽവേ. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള സർവേയിൽ ഭൂപരമായ പ്രത്യേകതകളെല്ലാം കൃത്യമായി രേഖപ്പെടുത്തും. ഒക്ടോബറോടെ ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കും.
ഹൈദരാബാദിലെ ആർവി അസോസിയേറ്റ്‌സാണ് സർവേ നടത്തുന്നത്. സർവേയ്‌ക്ക് ശേഷം ഈ വർഷം വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് രണ്ട് വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനാണ് തീരുമാനം. പിന്നീട് മൂന്ന് വർഷത്തിനകം നിർമ്മാണം പൂർത്തീകരിക്കും. അതിവേഗ ട്രെയിനുകൾ ഓടിക്കാനായി വളവുകൾ പരമാവധി നിവർത്തുന്നതിനായാണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ലിഡാർ സർവേ നടത്തുന്നത്.
2025 മാർച്ചോടെ ഷൊർണ്ണൂർ- മംഗലാപുരം റൂട്ടിലും 2024-ഓടെ ഷൊർണ്ണൂർ-തിരുവനന്തപുരം റൂട്ടിലും 160 കിലോമീറ്ററായി ഉയർത്തുന്നതിന് മുൻപ് ചില സെക്ടറുകളിൽ പ്രാഥമികമായ വേഗം കൂട്ടൽ നടപ്പാക്കും. ഇതിനുള്ള ജോലികൾ 2024 മാർച്ചിൽ പൂർത്തിയാക്കാനാണ് നീക്കം. തിരുവനന്തപുരത്ത് നിന്ന് ഷൊർണൂർ വരെയുള്ള യാത്രയ്‌ക്ക് 110 കിലോമീറ്റർ വേഗമാക്കാനായുള്ള പ്രവർത്തനങ്ങൾക്ക് 300 കോടി റെയിൽവേ നേരത്തെ അനുവദിച്ചിരുന്നു.
കേരളത്തിൽ റെയിൽവേ ലൈനിന്റെ 35 ശതമാനവും വളവുകളാണ്. 626 വളവുകളിൽ 200 എണ്ണം കൊടും വളവുകളാണ്. ഇത്രയും വളവുകളുള്ള മെയിൻ റെയിൽവേ ലൈൻ ശൃംഖല മറ്റൊരു സംസ്ഥാനത്തുമില്ലെന്നതാണ് വാസ്തവം.
Comments