തിരുവനന്തപുരം: സർക്കാരിന്റെ രണ്ടാം വാർഷികദിനമായ ഇന്ന് കരിദിനമായി ആചരിച്ച് ബിജെപി. സർക്കാരിന്റെ ജനദ്രോഹ അഴിമതി ഭരണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് സമരം നടത്തുന്നത്. ഇന്നലെ വൈകുന്നേരം ആംരംഭിച്ച സമരത്തിൽ വിവിധ നേതാക്കൾ പങ്കെടുത്തു. പിണറായി സർക്കാരിന്റെ അഴിമതി ഭരണത്തിൽ പ്രതിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാത്രി യുവമോർച്ച സെക്രട്ടറിയേറ്റിലേക്ക് നൈറ്റ് മാർച്ച് നടത്തിയിരുന്നു. ഒരാഴ്ചക്കാലം ബിജെപി പ്രതിഷേധവാരമായി ആചരിക്കും.
ജനങ്ങൾക്ക് ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചാണ് പിണറായി സർക്കാർ എട്ടാം വർഷത്തിലേക്ക് കടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഭരണ തകർച്ചയും അരാജകത്വവും മാത്രമാണ് ഇടത് സർക്കാരിന്റെ കൈമുതൽ. 4,000 കോടിയോളം രൂപയുടെ അധിക നികുതിയാണ് എട്ടാം വർഷത്തിൽ ചുമത്തിയത്. പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏർപ്പെടുത്തിയതോടെ ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിനും വിലകൂടിയിരിക്കുകയാണ്. തൊട്ടടുത്ത സംസ്ഥാനങ്ങളിലും മാഹിയിലും കേരളത്തിനെ അപേക്ഷിച്ച് 12-15 രൂപയാണ് ഒരു ലിറ്റർ പെട്രോളിനും ഡീസലിനും കുറവ് വരുന്നത്. കെട്ടിട നിർമാണ മേഖലയിലാവട്ടെ റോക്കറ്റ് നികുതി വർധനവാണ് പിണറായി സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. അരിക്കും പച്ചക്കറിക്കും ഉൾപ്പെടെ പൊള്ളുന്ന വിലയാണ് ഇന്ന് കേരളത്തിലുള്ളതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
വെള്ളക്കര വർദ്ധനവ് നാട്ടുകാരുടെ നട്ടെല്ലൊടിച്ചു നിൽക്കുമ്പോഴാണ് അടുത്ത മാസം വീണ്ടും വൈദ്യുതി ചാർജ് വർധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തത്. സമാനതകളില്ലാത്ത അഴിമതിയും സ്വജനപക്ഷപാതവും നടത്തി ഈ സർക്കാർ കേരളത്തെ തകർക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. പിണറായി സർക്കാരിന്റെ എല്ലാ വകുപ്പുകളും പൂർണ പരാജയമാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടു. പൊലീസുകാർ ലഹരിമാഫിയകൾക്കും ഗുണ്ടകൾക്കും വേണ്ടി വിടുപണി ചെയ്യുകയാണ്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനയുടെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.
സർവ്വത്ര കൊള്ളയാണ് കേരളത്തിൽ നടക്കുന്നത്. പണ്ടൊക്കെ ഒരു പദ്ധതിയിൽ നിന്നും കമ്മീഷൻ അടിക്കുകയാണ് ചെയ്തിരുന്നതെങ്കിൽ ഇന്ന് അഴിമതി നടത്താൻ വേണ്ടി മാത്രമാണ് പദ്ധതികൾ പോലും സൃഷ്ടിക്കുന്നത്. എഐ ക്യാമറ അഴിമതി നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലാണ്. ഇന്ത്യയിൽ ഏറ്റവും സംഘടിതമായ അഴിമതി നടക്കുന്ന സംസ്ഥാനമായി കേരളം മാറി കഴിഞ്ഞിരിക്കുന്നു. താനൂർ ബോട്ടപകടം സർക്കാർ സ്പോൺസേർഡ് ദുരന്തമാണ്. 22 പേരെ സർക്കാർ കൊലയ്ക്ക് കൊടുത്തതാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Comments