കൊച്ചി : കൊച്ചിയിലെ ആഴക്കടൽ ലഹരി വേട്ടയിൽ രാസ ലഹരിയുടെ ഉറവിടം കണ്ടെത്താനൊരുങ്ങി എൻസിബി. ലഹരി കടത്തിന്റെ സഞ്ചാര പാതയും ഇടനിലക്കാരെയും ഉൾപ്പെടെ കണ്ടെത്താനാണ് എൻസിബിയുടെ ശ്രമം. റിമാൻഡിലുള്ള പാക് പൗരനെ കൂടുതൽ ചോദ്യം ചെയ്യാനായി എൻസിബി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി.
25,000 കോടിയുടെ ലഹരി വേട്ടയിൽ ആഴത്തിലുള്ള അന്വേഷണം തന്നെ വേണമെന്ന നിലപാടിലാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ഇതിന് ലഹരിയുടെ ഉറവിടം കണ്ടെത്തണം. പാകിസ്താനിലെ ബലൂച് പ്രവശ്യയിലാണ് ലഹരി നിർമ്മിച്ചതെന്നാണ് നിലവിലെ വിവരം. ഇത് പിന്നീട് ഇറാൻ അഫ്ഗാൻ കോസ്റ്റൽ ബെൽറ്റ് വഴി കടത്തിക്കൊണ്ടുവരികയായിരുന്നു. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങൾ ലക്ഷ്യമിട്ടാണ് മദർ ഷിപ് നീങ്ങിയത്. ഇവിടങ്ങളിൽ ഇടപാട് നടത്തിയ ശേഷം ഓസ്ട്രേലിയയിലേക്ക് പോകാനായിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാൽ ഇക്കാര്യങ്ങളിൽ സ്ഥിരീകരണം ആവശ്യമാണ്. അതിന് ഉറവിടം മുതലുള്ള സമഗ്രമായ അന്വേഷണത്തിലൂടെ കഴിയുമെന്നാണ് എൻസിബിയുടെ കണക്കുകൂട്ടൽ.
തീവ്രവാദ ബന്ധമുള്ള ഹാജി സലിം ഗ്രൂപ്പാണ് ലഹരി കടത്തിക്കൊണ്ടു വന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇവരുടെ സഞ്ചാരപഥവും ഇടനിലക്കാരെയും കൂടി കണ്ടെത്താനാണ് ശ്രമം. കൂടാതെ മദർ ഷിപ്പിൽ നിന്നും രക്ഷപ്പെട്ട ആറുപേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർ ക്യാരിയർമാർ മാത്രമാണോ പ്രധാന കണ്ണികൾ ഉണ്ടായിരുന്നോയെന്നതിലും അന്വേഷണം ആവശ്യമാണ്. ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ വ്യക്തതക്ക് വേണ്ടിയാണ് റിമാൻഡിലുള്ള പാക് പൗരനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ഇതിനായി എൻസിബി കസ്റ്റഡി അപേക്ഷ നൽകി. അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയിരിക്കുന്നത്.
Comments