സ്വപ്ന വാഹനം കൈയ്യിൽ കിട്ടുക എന്നത് ഏതൊരു കുടുംബത്തിനും ഏറ്റവും സന്തോഷകരമായ നിമിഷമാണ്. നീണ്ട കാത്തിരിപ്പിന് ശേഷമാണ് അത് കൈയിൽ കിട്ടുന്നതെങ്കിൽ ആ നിമിഷം കൂടുതൽ ഭംഗിയുള്ളതാകും. അത്തരം സന്തോഷകരമായ ദൃശ്യം പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. മഹീന്ദ്ര സ്‌കോർപിയോ എൻ മോഡൽ ഒരു കുടുംബത്തിന് കൈമാറുന്ന ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.
ഡെലിവറിയിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം ഡീലർഷിപ്പ് കേന്ദ്രത്തിൽ നിന്ന് തന്നെ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ദമ്പതികൾ ബുക്ക് ചെയ്തതാണ് ഈ വാഹനം. അത് കൈയിൽ എത്തിയ വേളയിലാണ് അവർ തങ്ങളുടേതായ രീതിയിൽ സന്തോഷം പ്രകടിപ്പിച്ചത്.
‘ഇന്ത്യൻ വാഹന വ്യവസായത്തിൽ പ്രവർത്തിക്കുന്നതിന് ലഭിക്കുന്ന യഥാർത്ഥ പ്രതിഫലവും സന്തോഷവും ഇതാണ്… എന്നാണ് വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര കുറിച്ചിരിക്കുന്നത്. മഹീന്ദ്ര സ്‌കോർപിയോ എൻ ഏറ്റവും ജനപ്രിയമായ എസ്യുവികളിലൊന്നാണ്. വിപണിയിൽ അവതരിപ്പിച്ചതുമുതൽ വലിയ ഡിമാൻഡ് ആണ്. അതിനാൽ ബുക്ക് ചെയ്താൽ ഉപഭോക്താക്കൾക്ക് മാസങ്ങൾ കാത്തിരിക്കേണ്ടി വരാറുണ്ട്.
Comments