തൃശൂർ: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. ചോറ്റാനിക്കര പോലീസ് സ്റ്റേഷൻ പരിധിയിലെ കുരീക്കാട് എന്ന സ്ഥലത്ത് വെച്ചാണ് കല്ലേറുണ്ടായത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരതിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ ട്രെയിനിന്റെ ചില്ലിന് കേടുപാട് പറ്റിയിട്ടുണ്ട്. വൈകുന്നേരത്തോടെ ആയിരുന്നു സംഭവമെന്ന് ആർപിഎഫ് അറിയിച്ചു.
സി ആറ് കോച്ചിന് നേരെയാണ് കല്ല് പതിച്ചത്. യാത്രക്കാരാണ് കല്ലേറുണ്ടായത് ടിടിആറിനെ അറിയിച്ചത്. തുടർന്ന് ആർപിഎഫിനെ വിവരമറിയിക്കുകയായിരുന്നു. ആർപിഎഫും പോലീസും സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വിജനമായ സ്ഥലത്തുവെച്ചാണ് കല്ലേറുണ്ടായത്.
നേരത്തെ കണ്ണൂർ വളപട്ടത്ത് വെച്ചും മലപ്പുറം തിരൂരിൽ വെച്ചും വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടായിരുന്നു. കണ്ണൂരിലുണ്ടായ കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ലിന് പൊട്ടലുണ്ടായിരുന്നു. തിരുവനന്തപുരം സർവീസിനിടെ തിരൂർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് ആക്രമണമുണ്ടായത്. ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കുള്ളിലായിരുന്നു സാമൂഹികവിരുദ്ധരുടെ ആക്രമണം. ഉദ്ഘാടന ദിനത്തിൽ തന്നെ ട്രെയിനിൽ പാലക്കാട് എംപി വിആർ ശ്രീകണ്ഠന്റെ പോസ്റ്റർ പതിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.
Comments