ന്യൂഡൽഹി: ത്രിരാഷ്‌ട്ര പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാപുവ ന്യൂ ഗിനിയയിലെത്തി. പാപുവ ഗിനിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലഭിച്ചത് ഊഷ്മളമായ വരവേൽപ്പ്. പാപ്പുവ പ്രധാനമന്ത്രി ജെയിംസ് മാരാപ്പെ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. ഇരുവരും ആലിംഗനം ചെയ്യുകയും ഇന്ത്യൻ പ്രധാനമന്ത്രിയുടെ കാലിൽ തൊട്ട് അദ്ദേഹം അനുഗ്രഹം വാങ്ങാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഉടൻതന്നെ ജെയിംസ് മാരാപ്പെയെ പ്രധാനമന്ത്രി നരേന്ദ്രമോദി തടയുകയും നമ്മൾ ഒന്നാണെന്ന് പറഞ്ഞ് ചേർത്ത് നിർത്തുകയുമായിരുന്നു.
പ്രാദേശിക സമയം രാത്രി 10 മണിക്കാണ് പ്രധാനമന്ത്രി പാപുവ ഗിനിയയിലെത്തിയത്. പാപുവയിൽ സൂര്യാസ്തമയത്തിന് ശേഷം എത്തുന്ന അതിഥികൾക്ക് രാജ്യത്തെ ജനങ്ങൾ ആചാരപരമായ സ്വീകരണം നൽകാറില്ല. ആ പതിവിന് ഇന്ത്യൻ പ്രധാനമന്ത്രിക്കുവേണ്ടി മാറ്റം വരുത്തിയിരിക്കുകയാണ്. ഒരു വിദേശരാജ്യത്ത് ഇന്ത്യയ്ക്ക് കിട്ടാവുന്ന ആദരവിന്റെ നേർക്കാഴ്ചയായിരുന്നു പ്രധാനമന്ത്രിയ്‌ക്ക് വിമാനത്താവളത്തിൽ ലഭിച്ചത്.
പാപുവ ഗിനിയയിൽ എത്തിയ വിവരം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ‘പാപ്പുവ ന്യൂ ഗിനിയയിലെത്തി. എയർപോർട്ടിൽ വന്ന് എന്നെ സ്വാഗതം ചെയ്തതിന് പ്രധാനമന്ത്രി ജെയിംസ് മാരാപ്പിനോട് ഞാൻ നന്ദി അറിയിക്കുന്നു. എന്റെ ഈ സന്ദർശന വേളയിൽ പാപുവ ഗിനിയയുമായി ഇന്ത്യയുടെ ബന്ധം വർദ്ധിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഒപ്പം വിമാനത്താവളത്തിലെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. നാളെ ഇരുപ്രധാനമന്ത്രിമാരും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തുകയും പാപ്പുവ ന്യൂ ഗിനിയ ഗവർണർ ജനറൽ ബോബ് ദാദേയെയും സന്ദർശിക്കും. ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്‌സ് കോ ഓപ്പറേഷന്റെ (എഫ്‌ഐപിഐസി) മൂന്നാമത് ഉച്ചകോടിയിലും ഇരുവരും പങ്കെടുക്കും.
Comments