തിരുവനന്തപുരം: ശാന്തിവിളയിൽ വീട്ടിൽ കയറി സ്ത്രീയെ ഭീഷണിപ്പെടുത്തി കവർച്ച. സ്ത്രീയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. 50,000 രൂപയും രണ്ട് പവൻ മാലയും കവർന്നു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. വീട്ടിൽ വെള്ളം ചോദിച്ച് എത്തിയ തമിഴ് സംസാരിക്കുന്ന രണ്ടംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് അതിക്രമത്തിനിരയായ രമ്യ ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. സംഭവത്തിൽ രമ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം തൃശൂരിൽ അടച്ചിട്ട കടകൾ കുത്തിത്തുറന്ന് മോഷണം നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടിയിരുന്നു. വാടാനപ്പിള്ളി സ്വദേശി ബഷീർ ബാബുവാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. തൃപ്രയാർ പോളി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഫൺ സൂപ്പർമാർക്കറ്റിലും തൊട്ടടുത്തുള്ള കൊതി ഹോട്ട് ചിപ്‌സിലുമാണ് മോഷണം നടന്നത്.
സംഭവത്തിൽ എണ്ണായിരത്തോളം രൂപയും ജ്യൂസ്, മിഠായികൾ എന്നിവയും മോഷ്ടിക്കപ്പെട്ടിരുന്നു.മോഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സ്ഥാപനത്തിനുള്ളിലുള്ള സിസിടിവിയിൽ നിന്ന് പോലീസ് ശേഖരിച്ചു. ബർമുഡ മാത്രം ധരിച്ച മോഷ്ടാവ് മുഖം തുണികൊണ്ട് മറച്ചായിരുന്നു കൃത്യം നടത്തിയത്.
Comments