പോർട്ട് മോർസ്ബി: പാപുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക ഭാഷയായ ടോക് പിസിനിൽ വിവർത്തനം ചെയ്ത തമിഴ് ഇതിഹാസകാവ്യം തിരുക്കുറൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പെയും ചേർന്നാണ് ടോക് പിസിൻ ഭാഷയിലുള്ള തിരുക്കുറൽ പ്രകാശനം ചെയ്തത്. വെസ്റ്റ് ന്യൂ ബ്രിട്ടൻ പ്രവിശ്യാ ഗവർണർ ശുഭ ശശീന്ദ്രനാണ് തിരുക്കുറൽ ടോക് പിസിനിലേയ്‌ക്ക് വിവർത്തനം ചെയ്തത്.
ഭാരതത്തിന്റെ സംസ്‌കാരവും സാഹിത്യവും വിദേശ രാഷ്‌ട്രങ്ങളിലേയ്‌ക്ക് എത്തുന്നത് ഭാരതത്തെ സംബന്ധിച്ച് പുത്തൻ കാര്യമല്ല. രാമായണവും മഹാഭാരതവും ഭഗവദ്ഗീതയും തുടങ്ങി ഭാരതത്തിന്റെ സാഹിത്യശൃംഖല നിരവധി രാജ്യങ്ങളിലേയ്‌ക്ക് കടൽ കടന്ന് പോയിടുണ്ട്. അത്തരത്തിൽ ഭാരതം ലോകത്തിന് സംഭാവന ചെയ്ത സാഹിത്യ നിധിയാണ് തിരുക്കുറൽ. കവി തിരുവള്ളുവരാണ് തിരുക്കുറൽ എഴുതിയത്. ധാർമ്മികത, രാഷ്‌ട്രീയ-സാമ്പത്തിക വിഷയങ്ങൾ, പ്രണയം എന്നിവയെക്കുറിച്ചുള്ള ഈരടികളുടെ സമാഹാരമാണ് തിരുക്കുറൽ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തന്റെ ആദ്യ സന്ദർശനത്തിനായി പാപുവ ന്യൂ ഗിനിയയിലെത്തിയിരുന്നു. പാപുവ ന്യൂ ഗിനിയയിൽ എത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
Comments