കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായി. കോട്ടയം ജില്ലാ ആസൂത്രണ സമിതി കെട്ടിടത്തിന്റെ ഉദ്ഘാടന ചങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക തകരാർ മൂലം സംസാരിക്കുന്നതിനിടെ മൂന്ന് തവണ ശബ്ദമുണ്ടാവുകയും പൂർണമായി മൈക്ക് കേടാവുകയും ചെയ്തു.
മൈക്ക് കേടായതിനെ തുടർന്ന് മൈക്ക് ഓപ്പറേറ്റർ രണ്ട് മൈക്കുകൾ കൊണ്ടുവന്ന് സ്റ്റാൻഡിൽ ഉറപ്പിച്ചെങ്കിലും ശരിയായില്ല. തുടർന്ന് പ്രസംഗം തുടരുന്നതിനായി ഓപ്പറേറ്റർ മൈക്ക് കയ്യിൽ കൊടുത്തെങ്കിലും മുഖ്യമന്ത്രി അത് സ്വീകരിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രി ഓപ്പറേറ്ററെ തുറിച്ചു നോക്കിയതിനെ തുടർന്ന് മൈക്ക് സ്റ്റാൻഡിൽ ഉറപ്പിച്ച് ഓപ്പറേറ്റർ വേദിവിട്ടു. ശേഷമാണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്.
എന്നാൽ മൈക്ക് കേടായതു സംബന്ധിച്ച് മുഖ്യമന്ത്രി പൊതുവേദിയിൽ ഒന്നും പ്രതികരിച്ചില്ല. നേരത്തെ സി പി എം നയിച്ച ജനകീയ പ്രതിരോധ ജാഥയ്‌ക്ക് തൃശൂരിൽ മാളയിൽ നൽകിയ സ്വീകരണത്തിനിടെ മൈക്ക് തകരാറിലായിരുന്നു. തുടർന്ന് നന്നാക്കാനെത്തിയ ഓപ്പറേറ്ററെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ശകാരിച്ചത് വാർത്തയായിരുന്നു.
Comments