ഇടുക്കി: ചിന്നക്കനാലിൽ നിന്ന് കാടുമാറ്റിയ അരിക്കൊമ്പൻ വീണ്ടും കേരളാ വനാതിർത്തിയിൽ. അരിക്കൊമ്പനെ ഇറക്കിവിട്ട മുല്ലക്കൊടിയിലാണ് കഴിഞ്ഞ രണ്ട് ദിവസമായി ആനയുള്ളത്. രണ്ട് ദിവസമായി അതിർത്തി കടന്നുപോയിട്ടില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി.
അരിക്കൊമ്പന്റെ നിരീക്ഷണത്തിനായുള്ള റേഡിയോ കോളർ സിഗ്നൽ അനുസരിച്ചുള്ള വിവരങ്ങളാണിത്. കൂടാതെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ നിയോഗിച്ച് വനംവകുപ്പ് ജീവനക്കാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അരിക്കൊമ്പൻ മുല്ലക്കുടിയിൽ തുടരുന്നതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും വനം വകുപ്പ് അറിയിച്ചു.
എന്നാൽ കേരള വനംവകുപ്പ് തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട്ടിലെ വനത്തോട് ചേർന്ന ജനവാസമേഖലയായ മേഘമലയിൽ ഭീതി പരത്തിയിരുന്നു. റേഷൻ കടയും വനംവകുപ്പ് വാഹനവും അരിക്കൊമ്പൻ തകർത്തിരുന്നു. കൃഷിനാശം വരുത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. അതുകൊണ്ടു തന്നെ വീണ്ടും കേരളാ വനാതിർത്തിയിലേയ്ക്ക് അരിക്കൊമ്പൻ എത്തിയ ആശ്വാസത്തിലാണ് തമിഴ്നാട് വനംവകുപ്പും ജനങ്ങളും.
Comments