തിരുവനന്തപുരം : 2023 – 2024 അദ്ധ്യയന വർഷത്തെ അക്കാദമിക് കലണ്ടറിൽ 28 ശനിയാഴ്ചകൾ പ്രവൃത്തി ദിനമായി ഉൾപ്പെടുത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്. അടുത്ത വർഷത്തേക്കുള്ള അക്കാദമിക് കലണ്ടർ ചർച്ച ചെയ്യാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ വിളിച്ചുചേർത്ത ക്യൂഐപി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് പരാമർശം.
യോഗത്തിലാണ് 220 സ്‌കൂൾ ദിനങ്ങൾ തികയ്‌ക്കാൻ 28 ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളായി ഉൾപ്പെടുത്തി കരട് നിർദേശം ചർച്ചയ്‌ക്ക് വന്നത്. ജൂൺ മാസത്തിൽ 3, 17, 24, ജൂലൈയിൽ 1, 15, 22, 29, ഓഗസ്റ്റിൽ 5, 19, സെപ്റ്റംബറിൽ 16, 23, 30, ഒക്ടോബറിൽ 7, 21, 28, നവംബറിൽ 4, 25, ഡിസംബറിൽ 2, 16, 2024 ജനുവരിയിൽ 6, 20, 27, ഫെബ്രുവരിയിൽ 3, 17, 24, മാർച്ചിൽ 2, 16, 23 എന്നീ ശനിയാഴ്ചകളാണ് പ്രവൃത്തി ദിനമാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. നവംബറിലെ 18 -19 തീയതി ശനിയാഴ്ച കൂടി ഉൾപ്പെടുത്തി വൊക്കേഷണൽ ഹയർ സെക്കൻണ്ടറിക്ക് 221 പ്രവൃത്തി ദിനങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. പ്രവൃത്തി സമയം കൂടുതലായതിനാൽ ഹയർ സെക്കൻഡറി വിഭാഗത്തിന് ശനിയാഴ്ചകൾ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് 192 പ്രവൃത്തി ദിനങ്ങളാണ് നിർദേശിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് ആയിരം മണിക്കൂർ അദ്ധ്യയനം കുട്ടികളുടെ അവകാശമാണ്. ഇതനുസരിച്ച് 200 പ്രവൃത്തി ദിനങ്ങൾ ഉറപ്പാക്കാൻ ആറാം പ്രവൃത്തി ദിനമല്ലാത്ത ഏതാനും ശനിയാഴ്ചകൾ കൂടി പ്രവൃത്തി ദിനമാക്കാറുണ്ട്. ഇതിനോട് യോജിക്കുന്നതായി എൻടിയു വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശനിയമത്തിലെ ആയിരം മണിക്കൂർ അദ്ധ്യയന സമയമെന്ന നിർദേശത്തെ ദുർവ്യാഖ്യാനം ചെയ്ത് ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിൽ കെട്ടിവെയ്‌ക്കാനുള്ള ശ്രമം ദുരുദ്ദേശപരമാണ്.
ആറാം പ്രവൃത്തി ദിനം അംഗീകരിക്കില്ലെന്നത് അധ്യാപക പരിഷത്തിന്റെ പ്രഖ്യാപിത നയമാണ്. ആറാം പ്രവൃത്തി ദിനങ്ങളുൾപ്പെടെയുള്ള 28 ശനിയാഴ്ചകൾ ചേർത്ത് 220 അദ്ധ്യയന ദിവസങ്ങളാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തോട് ശക്തമായ വിയോജിപ്പ് എൻടിയു രേഖപ്പെടുത്തുകയുണ്ടായി. അക്കാദമിക് വർഷത്തിലെ പകുതിയിലധികം ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളാക്കി വിദ്യാലയാന്തരീക്ഷം കലുഷിതമാക്കാനുള്ള ശ്രമത്തിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്തിരിയണമെന്നും എൻടിയു ആവശ്യപ്പെട്ടു. ഡി ജി ഇ യുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ എൻടിയുവിനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ്് പിഎസ് ഗോപകുമാർ പങ്കെടുത്തു. ഡിജിഇയെ കൂടാതെ അഡീഷണൽ ഡയറക്ടർ ഷൈൻ മോനും യോഗത്തിൽ സംബന്ധിച്ചു.
Comments