കുഴപ്പക്കാരെ പിടിച്ച് പുറത്താക്കാൻ സർവ്വ സന്നാഹവുമായി നിൽക്കുന്ന ജിമ്മന്മാരെ നിശാക്‌ളബുകളിലും പാർട്ടികളിലും കണ്ടിട്ടുണ്ടാവും. കറുത്ത വസ്ത്രങ്ങളിഞ്ഞ് നിൽക്കുന്ന ഇവരെ ബൗൺസർ എന്നാണ് അറിയപ്പെടുന്നത്. പൊതുവെ ഒരു സ്ത്രീയെ ആരും ഈ റോളിൽ പ്രതീക്ഷിക്കില്ല. എന്നാൽ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ നിന്നുള്ള യുവതി ഈ ജോലി ഏറ്റെടുത്ത് ഇന്ത്യയിലെ ആദ്യ വനിതാ ബൗൺസർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. മെഹ്റുന്നിസ അലി എന്നാണ് ലേഡി ബൗൺസറുടെ പേര്.
പ്രാഥമിക വിദ്യാഭ്യാസം പോലും പെൺകുട്ടികൾക്ക് നിഷേധിച്ചിരുന്ന ഗ്രാമത്തിലാണ് മെഹ്റുന്നിസ അലി ജനിച്ചത്. കുഞ്ഞുങ്ങളെ പ്രസവിച്ചു കൂട്ടുകമാത്രമാണ് സ്ത്രീകളുടെ കർമ്മമെന്ന് വിശ്വസിച്ചിരുന്ന സമൂഹമാണത്. പതിമൂന്നാം വയസ്സിലാണ് മെഹ്റുന്നിസയുടെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായത്. കുട്ടിത്തം മാറത്ത മെഹ്റുവിന് പിതാവ് വിവാഹം ഉറപ്പിച്ചു. എന്നാൽ മെഹ്റുവിന് ടൈഫോയ്ഡ് പിടിപ്പെട്ടതിനാൽ പന്ത്രണ്ട് വയസുമാത്രം പ്രായമുണ്ടായിരുന്ന അനുജത്തിയെ പകരമായി വിവാഹം കഴിപ്പിച്ചു.
മെഹ്റുവിന്റെ നാല് സഹോദരിമാരിൽ രണ്ടു പേർ പന്ത്രണ്ടാം വയസ്സിലാണ് വിവാഹം കഴിപ്പിച്ചത്. എന്നാൽ ഇവരുടെ ജീവിതം പീഡനങ്ങൾ നിറഞ്ഞതായിരുന്നു. ഇത് കണ്ട മാതാവ് ഗ്രാമവാസികളോടും കുടുംബക്കാരോടും കലഹിച്ച് മറ്റ് മക്കളെ പഠിപ്പിച്ചു. മാതാവ് അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ജീവിതത്തിൽ വിജയിക്കില്ലായിരുന്നെന്ന് മെഹ്റു പറയുന്നു. പിതാവിന് പെൺകുട്ടികൾ പഠിക്കുന്നതിനോട് താത്പര്യമില്ലായിരുന്നു.
പിതാവ് പുസ്തകങ്ങൾ കത്തിക്കുകയും കറണ്ട് ഓഫ് ചെയ്യുകയും ചെയ്തിരുന്നു.
സായുധ സേനയിൽ ചേരാനാണ് മെഹ്റുവിന് താത്പര്യം ഉണ്ടായിരുന്നത്. എന്നാൽ ജീവിത സാഹചര്യങ്ങൾ അതിന് അനുവദിച്ചില്ല. ഇതിനിടയിലാണ് ഡൽഹിയിൽ വനിതാ ബൗൺസർമാരെ തേടുന്നതായി അറിഞ്ഞത്. ജോലി ലഭിച്ചെങ്കിലും പുരുഷൻമാർ മാത്രമുള്ള മേഖലയിൽ നിലനിന്നു പോകാൻ വളരെയധികം ബുദ്ധിമുട്ടി.
എന്നാൽ എല്ലാം ആക്ഷേപങ്ങളെയും അതിജീവിച്ച് മെഹ്റുന്നിസ ഇന്ന് സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഉടമയാണ്. 2021ലാണ് മെഹ്റുന്നിസ മർദാനി ബൗൺസർ ആന്റ് ഡോൾഫിൻ സെക്യൂരിറ്റി സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചത്. ഇന്ന് മാർഷൽ ആർട്ട് പരിശീലകയും മോട്ടിവേഷണൽ സ്പീക്കറും കൂടിയാണ് മെഹ്റുന്നിസ.
Comments