തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ രണ്ടാം വാർഷികാഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം-മെഗാ പ്രദർശന വിപണന ഭക്ഷ്യ മേള കനകക്കുന്ന് കൊട്ടാരത്തിൽ തുടരുന്നു. മേയ് 20 ന് ആരംഭിച്ച മേള മേയ് 27 വരെ നീണ്ടുനിൽക്കും.
‘യുവതയുടെ കേരളം, കേരളം ഒന്നാമത്’ എന്നതാണ് മേളയുടെ മുദ്രാവാക്യം. സർക്കാർ വകുപ്പുകളുടെ സേവനങ്ങളും പ്രവർത്തനങ്ങളും വിശദീകരിക്കുന്ന നൂറോളം പ്രദർശന സ്റ്റാളുകൾ, സേവനങ്ങൾ തത്സമയം സൗജന്യമായി ലഭ്യമാക്കുന്ന 14 സേവന സ്റ്റാളുകൾ, സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ വാങ്ങാൻ കഴിയുന്ന സ്റ്റാളുകൾ, ഭക്ഷ്യമേള, വൈകുന്നേരങ്ങളിൽ നിശാഗന്ധിയിൽ കലാപരിപാടികൾ. എന്നിവ മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.
സർക്കാർ സേവനങ്ങളും പദ്ധതികളും തൊഴിലവസരങ്ങളും വിശദീകരിക്കുന്ന യൂത്ത് സെഗ്‌മെന്റ്, സാങ്കേതിക മേഖലയിൽ കൈവരിച്ച നേട്ടങ്ങളും പുത്തൻ ആശയങ്ങളും വിശദീകരിക്കുന്ന ടെക്‌നോസോൺ, കായിക സംസ്‌കാരം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക കായിക-വിനോദ ഏരിയ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് മേള നഗരി പ്രവർത്തിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
Comments