തിരുവനന്തപുരം: കിൻഫ്രാ പാർക്കിൽ നടന്ന തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മരുന്ന് സംഭരണ കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റ് ഇന്ന് മുതൽ. ആരോഗ്യവകുപ്പ്, ഫയർഫോഴ്‌സ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാകും ഓഡിറ്റ് നടക്കുക. ആശുപത്രി ഫയർ സേഫ്റ്റി ഓഡിറ്റും ഉടൻ തന്നെ ആരംഭിക്കും. ഇന്നലെയുണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന് ജീവൻ നഷ്ടപ്പെടാനിടയാക്കിയ സാഹചര്യത്തെക്കുറിച്ച്് അന്വേഷണം നടന്നുവരികയാണ്.
മുൻപ് കൊല്ലത്ത് സമാനരീതിയിൽ തീപിടിത്തമുണ്ടായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് തീപിടിത്തമുണ്ടായ സാഹചര്യത്തിലാണ് സുരക്ഷയും പരിശോധനയും ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും പരിശോധന ആരംഭിച്ചു. മറ്റ് ജില്ലകളിൽ കൂടി പരിശോധന വ്യാപിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.
മെഡിക്കൽ സംഭരണ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളുടെയും സാമഗ്രികളും ഉൾപ്പെടെ പരിശോധിക്കുക എന്നതാണ് ലക്ഷ്യം.കൊല്ലത്തും പിന്നാലെ തിരുവനന്തപുരത്തും നടന്ന തീപിടിത്തത്തിൽ ബ്ലീച്ചിംഗ് പൗഡറിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കിൻഫ്രയിലെ തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടിയതും ബ്ലീച്ചിംഗ് പൗഡർ തന്നെയാണെന്നാണ് നിഗമനം.
Comments