ആലപ്പുഴ: കേരളത്തിൽ ആദ്യമായി ഒരു ക്ഷേത്രം യന്ത്രസഹായത്തോടെ ഉയർത്തി സ്ഥാപിക്കുന്നു. കുട്ടനാട്ടിലെ മങ്കൊമ്പ് ശ്രീ ഭഗവതീ ക്ഷേത്ര സമുച്ചയമാണ് ഉയർത്തി സ്ഥാപിക്കുന്നത്. വെള്ളപ്പൊക്കം കൊണ്ടുള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കുവാനാണ് ക്ഷേത്രം ഉയർത്തുന്നത്. ശ്രീകോവിൽ ഉൾപ്പടെയുള്ള ഭാഗങ്ങൾ ആറടിയോളമാണ് ഉയർത്തുന്നത്. നാട്ടുകാരുടെയും ക്ഷേത്രഭരണസമിതിയുടെയും മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
മങ്കൊമ്പ് ഭഗവതീ ക്ഷേത്രത്തിന് ആയിരം വർഷത്തോളം പഴക്കമുണ്ട്. പകൽ സമയങ്ങളിൽ ആറാട്ട് നടത്തുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് ഇത്. ക്ഷേത്രത്തിന്റെ ആചാരാനുഷ്ടാനങ്ങൾ പ്രസിദ്ധമാണ്. ചൂട്ട് പടയണി, ഗരുഡൻ തൂക്കം തുടങ്ങിയ ആചാരങ്ങൾ ഇപ്പോഴും ഇവിടെ നടക്കുന്നുണ്ട്. 2018- ലെ പ്രളയത്തിന് ശേഷം വർഷത്തിൽ പല തവണയാണ് ക്ഷേത്രത്തിനുള്ളിൽ വെള്ളം കയറിയത്. ചിലസമയങ്ങളിൽ മാസങ്ങളോളം ക്ഷേത്രത്തിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. നിലവിലുള്ള ക്ഷേത്രത്തിന് ഒരുമാറ്റവും വരുത്താതെയാണ് ക്ഷേത്രം ഉയർത്തുന്നത്.
ജാക്കികൾ ഉപയോഗിച്ച് അടിത്തട്ട് മുതൽ ഉയർത്തി പുതിയ ഫൗണ്ടേഷൻ നിർമ്മിക്കും. എട്ട് ടണ്ണോളം ഭാരം വഹിക്കാൻ ശേഷിയുള്ള നാന്നൂറ് ജാക്കികളാണ് ഉപയോഗിക്കുന്നത്. തുടർന്ന് അടിത്തറ നിർമ്മിച്ചശേഷം ഉയർത്തിയ ചുറ്റമ്പലം അതിൽ ഉറപ്പിക്കും. തുടർന്ന് കൃഷ്ണശിലയിലായിരിക്കും
പുനഃനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. മൂന്ന് ഘട്ടങ്ങളിലാണ് നിർമ്മാണ പ്രവർത്തനം. ചുറ്റമ്പലം, ശ്രീ കോവിൽ, നമസ്ക്കാരമണ്ഡപം, എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉയർത്തുക. രണ്ടാം ഘട്ടത്തിൽ തിരുമുറ്റവും ചമയങ്ങളും ഉയർത്തും. ബാക്കിയുള്ളവ മൂന്നാം ഘട്ടത്തിലായിരിക്കും നവീകരിക്കുക.
Comments