പട്ന : വായ്പ തിരിച്ചടയ്ക്കാത്ത ഉടമകളിൽ നിന്ന് റിക്കവറി ഏജന്റുമാർ വഴി വാഹനങ്ങൾ ബലമായി പിടിച്ചെടുക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് പട്ന ഹൈക്കോടതി. കടം തിരിച്ചടയ്ക്കാൻ ബാങ്കുകൾക്കും തത്തുല്യ ധനകാര്യ സ്ഥാപനങ്ങൾക്കും അധികാരം നൽകുന്ന സെക്യൂരിറ്റൈസേഷൻ വ്യവസ്ഥകൾ പാലിച്ച് വാഹന വായ്പ തിരിച്ചെടുക്കണമെന്ന് കോടതി പറഞ്ഞു .
ജസ്റ്റിസ് രാജീവ് രഞ്ജൻ പ്രസാദിന്റേതാണ് വിധി. ഒരു കൂട്ടം റിട്ട് ഹർജികൾ തീർപ്പാക്കുന്നതിനിടയിൽ, തോക്ക് കാട്ടി പോലും ബലമായി പിടിച്ചെടുക്കാൻ മസിൽമാൻമാരെ പ്രേരിപ്പിക്കുന്ന ബാങ്കുകളെയും ധനകാര്യ കമ്പനികളെയും കോടതി വിമർശിച്ചു. ഏതെങ്കിലും റിക്കവറി ഏജന്റ് ബലമായി ഒരു വാഹനവും പിടിച്ചെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ പോലീസ് സൂപ്രണ്ടുമാരോടും കോടതി നിർദ്ദേശിച്ചു.
റിക്കവറി ഏജന്റുമാർ ബലം പ്രയോഗിച്ച് വാഹനങ്ങൾ പിടിച്ചെടുത്ത അഞ്ച് കേസുകളാണ് കോടതി പരിഗണിച്ചത് . തെറ്റ് ചെയ്ത ബാങ്കുകൾക്കും ധനകാര്യ കമ്പനികൾക്കും 50,000 രൂപ വീതം പിഴ ചുമത്തി.
Comments