ആലപ്പുഴ : എബിവിപി ബലിദാനികളെ ചാനൽ ചർച്ചയിലൂടെ അധിക്ഷേപിച്ച സിപിഎം നേതാവ് വൈശാഖനെതിരെ കേസെടുത്തു. മാവേലിക്കര മജിസ്ട്രേറ്റ് കോടതിയിലാണ് സിപിഎം നേതാവിനെതിരെ കേസ് ഫയൽ ചെയ്തത്. പമ്പ പരുമല കോളേജിലെ എബിവിപി പ്രവർത്തകനായിരുന്ന വിദ്യാർത്ഥി അനൂ പിഎസിന്റെ പിതാവാണ് മകനെ അധിക്ഷേപിച്ചതിനെതിരെ കോടതിയെ സമീപിച്ചത്.
പമ്പ പരുമല കോളേജിൽ 1996ലെ എസ്എഫ്ഐ അക്രമത്തിൽ കൊലചെയ്യപ്പെട്ട എബിവിപി പ്രവർത്തകർക്കെതിരെയായിരുന്നു ഇക്കഴിഞ്ഞ മെയ് 21 ന് വാർത്താ ചാനലിലെ ചർച്ചയിൽ സിപിഎം നേതാവ് വൈശാഖൻ മോശം പരാമർശം നടത്തിയത്. എബിവിപി പ്രവർത്തകനായിരുന്ന അനൂപിഎസ്, കിം കരുണാകരൻ, സുജിത്ത് എന്നിവരാണ് എസ്എഫ്ഐക്കാരുടെ ആക്രമണത്തിൽ പമ്പാനദിയിൽ കൊലചെയ്യപ്പെട്ടത്. ഇവരിൽ അനുവിന്റെ പിതാവ് മാന്നാർ സ്വദേശി ശശിയായാണ് മകനെ അതീവ ഗുരുതരമായ രീതിയിൽ മോശമായി പരാമർശിച്ചതിനെതിരെ കോടതിയെ സമീപിച്ചത്. വർഷങ്ങൾക്കിപ്പുറവും സിപിഎം വേട്ടയാടാൻ തുടരാനാണ് തീരുമാനമെങ്കിൽ കേസുമായി മുന്നോട്ടു പോകുമെന്ന് അനുവിന്റെ പിതാവ് പറഞ്ഞു.
ബലിദാനികളുടെ കുടുംബങ്ങളെയും വേട്ടയാടി കൊണ്ടുള്ള സിപിഎമ്മിന്റെ കാടത്തം അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് എംവി ഗോപകുമാർ പറഞ്ഞു. അഡ്വക്കേറ്റ് പ്രതാപ്ജി പടിക്കൽ മുഖേനയാണ് കേസ് കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. മരണശേഷം മറ്റുള്ളവരുടെ അധിക്ഷേപകരമായ പ്രസംഗങ്ങളിൽ നിന്നും പ്രഭാഷണങ്ങളിൽ നിന്നും മോചനം ലഭിക്കുന്നതിനുള്ള ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
സിപിഎം കാരായ പ്രതികളെ രക്ഷിക്കുന്നതിനായി അന്വേഷണത്തിന് തുടക്കം മുതലേ പോലീസ് കേസ് അട്ടിമറിക്കുകയായിരുന്നു എന്ന ആരോപണം വ്യാപകമായി ഉയർന്നിരുന്നു. ഇത് ശരിവെക്കുന്ന തരത്തിൽ ഈ കേസിന്റെ പരാജയത്തിന് കാരണക്കാർ പോലീസ് ആണെന്ന് അന്തിമ വിധിന്യായത്തിൽ പത്തനംതിട്ട സെഷൻസ് കോടതി എഴുതിയിരുന്നു.
Comments