ലക്നൗ : ഉത്തർപ്രദേശിൽ അടുത്തിടെ സമാപിച്ച തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ ഉന്നതതല യോഗം വിളിച്ച് ചേർത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ജില്ലാ, റേഞ്ച്, സോൺ, ഡിവിഷണൽ തലങ്ങളിൽ നിയോഗിച്ചിട്ടുള്ള മുതിർന്ന അഡ്മിനിസ്ട്രേറ്റീവ്, പോലീസ് ഓഫീസർമാരുമായും വീഡിയോ കോൺഫറൻസിലൂടെ യോഗി കൂടിക്കാഴ്ച നടത്തി .
മതസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികളുടെ ശബ്ദം പഴയതുപോലെ നിയന്ത്രിക്കണമെന്ന് യോഗി ആവശ്യപ്പെട്ടു. ചില ജില്ലകളിൽ സ്വീകാര്യമല്ലാത്ത ഉച്ചഭാഷിണികൾ വീണ്ടും സ്ഥാപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും ഉദ്യോഗസ്ഥർ ഉടനടി നടപടിയെടുക്കണമെന്നും യോഗി നിർദേശിച്ചു.
ശബ്ദമലിനീകരണം കർശനമായി നിരോധിക്കണമെന്നും സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ 100% പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യോഗി നിർദേശിച്ചു. എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥർ അവരുടെ പോസ്റ്റിംഗ് ഏരിയയിൽ മാത്രം രാത്രി വിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ സംവിധാനം പാലിക്കുന്നതിന് മുതിർന്ന ഉദ്യോഗസ്ഥർ ഇൻസ്പെക്ഷൻ നടത്തണം. പല ജില്ലകളിലും വികസന പ്രവർത്തനങ്ങളുടെ വേഗത വളരെ മന്ദഗതിയിലാണെന്നും അതിനാൽ സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് ജില്ലകളിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ പതിവായി അവലോകനം ചെയ്യണമെന്നും മുഖ്യമന്ത്രി യോഗി പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് നോഡൽ ഓഫീസർമാരെ നിയമിച്ച് അവരുടെ ഉത്തരവാദിത്തം ഉറപ്പിക്കണം.
പെൺമക്കളെയും സ്ത്രീകളെയും പീഡിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം വേട്ടക്കാരെ തിരിച്ചറിയാനുള്ള പ്രവർത്തനം വർധിപ്പിക്കണം. പോലീസ് എല്ലാ ദിവസവും കാൽനട പട്രോളിംഗ് നടത്തണം. പട്രോളിങ്ങിൽ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കണം. അനധികൃത ടാക്സി സ്റ്റാൻഡ്, ബസ് സ്റ്റാൻഡ് / റിക്ഷാ സ്റ്റാൻഡ് എന്നിവ സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രവർത്തിക്കാൻ പാടില്ല. ഇത്തരം സ്റ്റാൻഡുകൾ നിയമവിരുദ്ധമായ കൊള്ളയടിക്ക് പ്രോത്സാഹനം നൽകുന്നു, ഈ കൊള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ എവിടെയൊക്കെ നടന്നാലും അത് ഉടൻ അവസാനിപ്പിക്കണമെന്നും യോഗി നിർദേശിച്ചു.
Comments