കോഴിക്കോട് : മാസങ്ങളായി ഉപയോഗിക്കാതെ നിർത്തിയിട്ടിരുന്ന ബൈക്കിന് ഹെൽമെറ്റില്ലാതെ വാഹനമോടിച്ചതിന് പിഴയടക്കാൻ നോട്ടീസ്. മുക്കം കാരക്കുറ്റി സ്വദേശി ജമാലുദ്ധീനാണ് കണ്ണൂർ ട്രാഫിക് സ്റ്റേഷനിൽ നിന്നും പിഴയടക്കാൻ നോട്ടീസ് വന്നത്. ഗൾഫിൽ ഉള്ള ജമാലുദ്ധീൻ വാഹനം ഉപയോഗിച്ചിട്ട് മാസങ്ങളായെന്നും കുടുംബം പറയുന്നു.
കെ.എൽ 13 എ 3329 യമഹ ആർ എക്സ് 100 ബൈക്കിനാണ് പിഴയടക്കാൻ നോട്ടീസ് വന്നത്. കണ്ണൂർ തലാപ്പ് ട്രാഫിക് സ്റ്റേഷനിൽ നിന്നുമാണ് നടപടി. എന്നാൽ കഴിഞ്ഞ ഒൻപത് മാസമായി വീട്ടിലെ പോർച്ചിലാണ് ബൈക്കിന്റെ സ്ഥാനം. മാസങ്ങളായി ജമാലുദ്ധീൻ വിദേശത്താണ്.നാട്ടിലെത്തുമ്പോൾ മാത്രമാണ് ബൈക്ക് ഉപയോഗിക്കുന്നത്. അതേസമയം പിഴയടക്കാൻ ആവശ്യപ്പെട്ട് ലഭിച്ച നോട്ടീസിലെ ഫോട്ടോയിൽ മറ്റൊരു ബൈക്ക് ആണെന്നും കുടുംബം പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മുക്കം സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയെങ്കിലും കണ്ണൂരിൽ തന്നെ പരാതി നൽകണമെന്ന നിർദേശമാണ് അധികൃതരും നൽകിയത്. ഇതോടെ എന്തുചെയ്യാണമെന്നറിയാതെ നിസ്സഹാരായിരിക്കുകയാണ് ഈ കുടുംബം.
Comments