തിരുവനന്തപുരം : ശ്രീകാര്യത്ത് പട്ടാപ്പകൽ വയോധികയെ കടന്നുപിടിച്ചയാളെ അറസ്റ്റ് ചെയ്ത് പോലീസ്. വട്ടപ്പാറ സ്വദേശി ചിത്രസേനനെയാണ് പിടികൂടിയത്. ശ്രീകാര്യം ഗാന്ധിപുരം റോഡിലൂടെ നടന്നു പോവുകയായിരുന്ന 68-കാരിയെ പിന്തുടർന്നായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മകളുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന വയോധികയെയാണ് ചിത്രസേനൻ നടുറോഡിൽ വെച്ച് കടന്നു പിടിച്ചത്. കഴുത്തിൽ ചുറ്റിപ്പിടിച്ചതോടെ കുതറി മാറാൻ ശ്രമിച്ചെങ്കിലും വയോധികയെ സമീപത്തെ ഇടവഴിയിൽ തള്ളിയിടാൻ ശ്രമിച്ചു. എന്നാൽ നിലവിളി കേട്ടോടിയെത്തിയ വഴിയാത്രക്കാരും സമീപവാസികളും ചേർന്ന് ചിത്രസേനനെ പിടികൂടുകയായിരുന്നു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കുറ്റം ചുമത്തിയാണ് ചിത്രസേനനെതിരെ ശ്രീകാര്യം പോലീസ് കേസെടുത്തിരിക്കുന്നത്. ശ്രീകാര്യം സ്റ്റേഷൻ പരിധിയിൽ 2020ൽ വധശ്രമ കേസിലും ഇയാൾ പ്രതിയാണ്. സമാനരീതിയിൽ മറ്റ് അതിക്രമങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Comments