കോട്ടയം: തനിച്ച് താമസിയ്‌ക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ പട്ടാപ്പകൽ ആക്രമിച്ച് എട്ട് പവന്റെ സ്വർണം കവർന്നു. കുഴിപ്പിള്ളിൽ ഏലിയാമ്മ ജോസഫിനെ വീട്ടിൽ കയറി ആക്രമിച്ചാണ് രണ്ട് യുവാക്കൾ മോഷണം നടത്തിയത്. സംഭവത്തിൽ ആറ് വളയും രണ്ട് മോതിരവും നഷ്ടപ്പെട്ടു. ആക്രമണത്തിൽ ഏലിയാമ്മയ്‌ക്ക് നിസ്സാര പരിക്കുകളാണ് ഉണ്ടായിരുന്നത്.
ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഉച്ചയ്‌ക്ക് വീട്ടിൽ എത്തിയ യുവാക്കൾ മാമ്പഴം ആവശ്യപ്പെട്ടു. മാമ്പഴം എടുക്കുന്നതിനായി വീടിനുള്ളിൽ കയറിയ ഏലിയാമ്മയ്‌ക്ക് പിന്നാലെ യുവാക്കളിൽ ഒരാളും കയറി. പിന്നാലെ ഏലിയാമ്മയെ കട്ടിലിലേക്ക് തള്ളിയിട്ടതിന് ശേഷം വായ പൊത്തിപ്പിടിച്ച് വളകളും മോതിരവും ഊരിയെടുക്കുകയായിരുന്നു.
പ്രദേശവാസികൾ ബഹളം കേട്ട് ഓടിയെത്തിയെങ്കിലും യുവാക്കൾ സ്‌കൂട്ടറിൽ കടന്നുകളയുകയായിരുന്നു. പ്രതികളിൽ ഒരാൾ മാത്രമാണ് വീടിനുള്ളിൽ കയറിയതെന്ന് ഏലിയാമ്മ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു സന്നദ്ധസംഘടനയുടെ പണപ്പിരിവുമായി ബന്ധപ്പെട്ട് നാലംഗ സംഘം വീട്ടിലെത്തിയിരുന്നു. ഇതിൽ ഉൾപ്പെട്ട രണ്ട് യുവാക്കളാണോ ഇന്നലെ വന്നതെന്നു സംശയമുണ്ടെന്നും ഏലിയാമ്മ മൊഴി നൽകിയിട്ടുണ്ട്.
Comments