തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് വിരമിച്ച ശേഷം ഒരിക്കലും വിരമിക്കൽ ഇല്ലാത്ത സിനിമയിൽ സജീവമാകാൻ ഒരുങ്ങി നടൻ ജോബി. മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയിലും സീരിയലിലും സജീവമായ ജോബി ഈ മാസം 31ന് സർക്കാർ സർവീസിൽ നിന്ന് വിരമിക്കുകയാണ്. പിന്നെ സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്യാനാണ് മോഹം.
24 വർഷത്തെ സർവീസിന് ശേഷം കെ.എസ്.എഫ്.ഇ സീനിയർ മാനേജരായാണ് ജോബി വിരമിക്കുന്നത്. തിരുവനന്തപുരം സ്റ്റാച്യൂ അർബൻ റീജിയണൽ ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്.
1999ൽ പി.എസ്.സി പരീക്ഷ എഴുതി ജൂനിയർ അസിസ്റ്റന്റായി സർവീസിൽ കയറുമ്പോൾ അച്ചുവേട്ടന്റെ വീട് എന്ന ആദ്യ സിനിമയിൽ അഭിനയിച്ചിരുന്നു.
സിനിമയിൽ നിന്ന് സ്ഥിരമായ വരുമാനം ലഭിക്കാത്തതാണ് മറ്റൊരു തൊഴിൽ കൂടി തിരഞ്ഞെടുക്കാൻ കാരണമായതെന്ന് ജോബി പറയുന്നു. കഷ്ടപ്പെട്ട് പഠിച്ച് എൽ.ഐ.സി ഉൾപ്പെടെയുള്ള പരീക്ഷകൾ വിജയിച്ചു. വകുപ്പ് തല പരീക്ഷകളിലൂടെ സ്ഥാനക്കയറ്റവും ലഭിച്ചു. കളിയാക്കിയവർ അന്ന് കൈയടിച്ചു.
ജോബിയെ ഏറെയും തേടിയെത്തിയത് ചെറിയ വേഷങ്ങളായിരുന്നു. അതിൽ കൂടുതലും ഹാസ്യവേഷങ്ങളായിരുന്നു. 2018ൽ മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് ആത്മവിശ്വാസം കൂട്ടി. ഇപ്പോൾ വേലക്കാരി ജാനു എന്ന ചിത്രത്തിൽ മുഖ്യവേഷം ചെയ്യുകയാണ് ജോബി.
Comments