ഖമ്മം ; ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ടി രാമറാവുവിന്റെ (എൻടിആർ) പ്രതിമ സ്ഥാപിക്കുന്നത് തെലങ്കാന ഹൈക്കോടതി സ്റ്റേ ചെയ്തു. ഖമ്മം നഗരത്തിലെ ലക്കരം തടാകത്തിലാണ് പ്രതിമ സ്ഥാപിക്കാനിരുന്നത്. പ്രതിമയിൽ എൻടിആറിനെ ശ്രീകൃഷ്ണനായി ചിത്രീകരിച്ചതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. പ്രതിമ സ്ഥാപിക്കുന്നത് കോടതി നിന്ന് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആദിഭട്ട്‌ല, കലാപീഠം, ഭാരതീയ യാദവ സംഘം, ശ്രീകൃഷ്ണ ജെഎസി എന്നിവരാണ് ഹർജി സമർപ്പിച്ചത്.
തെലുങ്ക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സഹായത്തോടെ എൻ ടി രാമറാവു വിഗ്രഹ എറപതു സമിതിയാണ് നടനും രാഷ്‌ട്രീയക്കാരനുമായ എൻ ടി രാമറാവുവിന്റെ പ്രതിമ നിർമ്മിച്ചത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ലക്കരം തടാകത്തിന് നടുവിൽ ഇത് സ്ഥാപിക്കാൻ അനുമതി നൽകിയിരുന്നു. ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ചാലക്കാനി വെങ്കട്ട് യാദവ് ഈ അനുമതി നൽകിയത് നിയമലംഘനമാണെന്ന് വിശേഷിപ്പിച്ചു.
ജില്ലാ കലക്ടറുടെ മേൽനോട്ടത്തിലുള്ള വിഗ്രഹ കമ്മിറ്റിയാണ് പൊതുസ്ഥലങ്ങളിൽ വിഗ്രഹങ്ങൾ നിർമിക്കാൻ അനുമതി നൽകുന്നതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പറഞ്ഞു. ഇതിനുപുറമെ, പ്രതിമയിലെ ശ്രീകൃഷ്ണന്റെ രൂപവും ഹർജിക്കാർ ചോദ്യം ചെയ്തു.ഇത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ഹർജിക്കാരുടെ പക്ഷം. എൻടിആർ ഒരു മികച്ച കലാകാരനായിരുന്നു എന്നതിൽ സംശയമില്ല, എല്ലാവർക്കും ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പ്രതിമ ഒരു ദൈവത്തെപ്പോലെയല്ല, മറിച്ച് ഒരു നടനെപ്പോലെയായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അവർ കോടതിയിൽ അറിയിച്ചു.
വാദം കേട്ട ശേഷം പ്രതിമ സ്ഥാപിക്കുന്നത് അടുത്ത വാദം കേൾക്കുന്നത് വരെ കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് കോടതി മറുപടി തേടിയിട്ടുണ്ട്.
Comments