ഹൈദരാബാദ്: തെലങ്കാനയിൽ ഭർത്താവിന്റെ മരണം സഹിക്കാനാവാതെ ജീവനൊടുക്കി ഭാര്യ. ഹൈദരാബാദിലെ ബാഗ് ആംബർപേട്ടിലെ ഡിസി കോളനിയിലെ സഹിതി(29) ആണ് ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ സംസ്കാരചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെയാണ് സഹിതി തൂങ്ങി മരിച്ചത്.
ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം യുവതിയെ മാതാപിതാക്കൾ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. സംഭവ ദിവസം തന്റെ സഹോദരിക്കൊപ്പമായിരുന്നു സഹിതി ഉറങ്ങിയത്. രാവിലെ സഹോദരി പുറത്തുപോയ സമയത്താണ് സഹിതി ഫാനിൽ തൂങ്ങി മരിക്കുന്നത്. സംഭവം അറിഞ്ഞ് വീട്ടുകാർ സഹിതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ആറ് മാസം മുൻപായിരുന്നു യുവതി വിവാഹിതയായത്. സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്ന മനോജായിരുന്നു വരൻ. ഇരുവരും വിവാഹശേഷം യുഎസിലേക്ക് താമസം മാറി. ഭാര്യയായ സഹിതി മാതാപിതാക്കളെ കാണാനായി നാട്ടിലെത്തിയപ്പോഴായിരുന്നു മനോജ് ഹൃദയാഘാതം മൂലം മരിച്ചത്. ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്നാണ് സഹിതി ജീവനൊടുക്കിയത്.
Comments