ന്യുഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുത്തപ്പെടേണ്ട ചരിത്ര നിമിഷമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമ്മു. പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിലുള്ള എല്ലാ ജനങ്ങൾക്കും അഭിമാനം പകരുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു.
ഉദ്ഘാടന വേളയിൽ ആശംസയറിച്ചുകൊണ്ടുള്ള സന്ദേശത്തിലായിരുന്നു പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ടുള്ള രാഷ്ട്രപതിയുടെ പരാമർശം. രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശാണ് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചത്. നമ്മുടെ ജനാധിപത്യയാത്രയിൽ സുപ്രധാന നാഴികക്കല്ല് കൂടിയാണിത്. പാർലമെന്റ് മന്ദിരം രാജ്യത്തിന് വഴികാട്ടിയാണെന്നും രാഷ്ട്രപതി ചൂണ്ടികാട്ടി.
രാജ്യത്തിന് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിച്ചു. ധർമ്മാധിഷ്ഠിത അധികാരത്തിന്റെ പ്രതീകമായ ചെങ്കോൽ ലോക്സഭ സ്പീക്കറുടെ ഇരിപ്പിടത്തിനരികിൽ സ്ഥാപിക്കുകയും ചെയ്തു. ലോക്സഭാ സ്പീക്കറുടെയും സന്ന്യാസിമാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചെങ്കോൽ സ്ഥാപിച്ചത്. നിലവിളക്ക് കൊളുത്തിയാണ് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
Comments