പാലക്കാട്: ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസിൽ കൺസഷൻ ലഭിക്കാൻ സ്കൂൾ യൂണിഫോം മതിയാകും കൺസഷൻ കാർഡ് ആവശ്യമില്ല. സ്വകാര്യ ബസുകളിൽ സർക്കാർ നിശ്ചയിച്ച കൺസെഷൻ നിരക്ക് നൽകി ഓരോ വിദ്യാർത്ഥികൾക്കും പരമാവധി 40 കിലോമീറ്റർ വരെ യാത്ര ചെയ്യാം. പാലക്കാട് സ്റ്റുഡൻസ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം ആർടിഒ അറിയിച്ചത്. അതേസമയം കെഎസ്ആർടിസി ബസുകളിൽ കൺസഷൻ നിർബന്ധമാക്കി. ഈ വർഷത്തെ കൺസഷൻ കാർഡ് മഞ്ഞ നിറത്തിലായിരിക്കും.
വിദ്യാർത്ഥികൾക്ക് വീട്ടിൽ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് മാത്രമേ കൺസഷൻ അനുവദിക്കൂ. നേരിട്ട് ബസ് സർവീസുള്ള റൂട്ടുകളിൽ ഭാഗികമായ യാത്ര അനുവദിക്കില്ല. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് മണി വരെ മാത്രമേ കൺസഷൻ അനുവദിക്കൂ. വിദ്യാർത്ഥികളെ രണ്ടാം തരക്കാരായി കാണുക, അവരോട് മോശമായി പെരുമാറുക, നിർബന്ധമായും ഫുൾ ചാർജ് വാങ്ങുക എന്നിവ ഉണ്ടാകരുത്. ഇത് സംബന്ധിച്ചുള്ള പരാതികൾ ജില്ലയിൽ നിന്ന് ഉണ്ടായാൽ കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
സർക്കാർ സ്കൂളുകൾ, കോളേജ്, ഐടിഐ, പോളിടെക്നിക് എന്നിവയുടെ ഐഡി കാർഡിൽ കൃത്യമായി റൂട്ട് രേഖപ്പെടുത്തിയിരിക്കണം. സ്വാശ്രയ വിദ്യാഭ്യാസ/ പാരലൽ സ്ഥാപനങ്ങൾക്ക് ആർടിഒ അല്ലെങ്കിൽ ജോ. ആർടിഒ അനുവദിച്ച കാർഡ് നിർബന്ധമാണ്. സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന കൺസഷൻ കാർഡുകൾ പരിശോധിച്ച് ഉറപ്പിക്കാനുള്ള അവസരം ബസ് ഉടമകൾക്ക് നൽകും.
Comments