എറണാകുളം: അപ്രതീക്ഷിതമായി വീട്ടിലെത്തിയ അക്രമിയെ ഇടിച്ചിട്ട സ്റ്റാറിന് ആശംസയുമായി നടൻ സുരേഷ് ഗോപി. വീട്ടിനുള്ളിൽ അതിക്രമിച്ച് കയറിയ കള്ളനെ നിഷ്പ്രയാസം ഇടിച്ചിട്ട കൊച്ചി ഇരുമ്പനം സ്വദേശി അനഘയെ ആണ് സുരേഷ് ഗോപി വീട്ടിലെത്തി അഭിനന്ദിച്ചത്. സ്വയം പ്രതിരോധത്തിനുള്ള കരുത്ത് തെളിയിച്ച അനഘയെ എല്ലാ പെൺകുട്ടികളും മാതൃകയാക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. അനഘയുടെ ധൈര്യം കേട്ടറിഞ്ഞ സുരേഷ് ഗോപി ഫോണിൽ വിളിച്ചപ്പോൾ നൽകിയ വാക്കായിരുന്നു ഇന്ന് പാലിച്ചത്.
അടുക്കള വാതിൽ വഴി പെട്ടെന്നെത്തിയ അക്രമി മുന്നിലെത്തി കത്തി വീശിയപ്പോൾ അനഘ അക്രമിയെ ഇടിച്ചിടുകയായിരുന്നു. കരാട്ടെ ബ്ലാക് ബെൽറ്റും ആത്മവിശ്വാസവുമുള്ള ആളാണ് എന്ന് അക്രമി കരുതിയില്ല. തുടർന്ന് കൈയ്യിൽ കിട്ടിയ തേങ്ങ കൊണ്ട് സ്വയം പ്രതിരോധിച്ചു. പതറിയ അക്രമി മതിൽ ചാടി ഓടി രക്ഷപ്പെട്ടു. അനഘയുടെ ധൈര്യം കേട്ടറിഞ്ഞ സുരേഷ് ഗോപി അന്ന് ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. നേരിൽ എത്തി അഭിനന്ദനം അറിയിക്കുമെന്ന് അന്ന് വാക്ക് നൽകിയതാണ്.
നേരിൽ കണ്ട് തന്നെ മിടുമിടുക്കിക്ക് അഭിനന്ദനം അറിയിച്ചതിനോടൊപ്പം സുരേഷ്ഗോപി അനഘയോടൊപ്പം പ്രഭാതഭക്ഷണവും കഴിച്ചു.തന്നെ കാണാൻ സ്നേഹത്തോടെ വീട്ടിലെത്തിയെ സൂപ്പർതാരത്തിന് അനഘ താൻ വരച്ച ചിത്രവും സമ്മാനമായി നൽകി. അനഘയുടെ വീട്ടിൽ കയറി അതിക്രമം നടത്തിയ പ്രതിയെ ഇത് വരെ പിടികൂടാൻ ഹിൽപാലസ് പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയെയും തിരിച്ചറിഞ്ഞിട്ടില്ല.
‘ഗരുഡൻ’ എന്ന സിനിമയിലാണ് സുരേഷ് ഗോപി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബിജു മേനോനും ഒരു പ്രധാന കഥാപാത്രമായി വേഷമിടുന്നു. അരുണ്‍ വര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. മിഥുൻ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ.
Comments