കോട്ടയം: കൈക്കൂലി വാങ്ങിയതിന് സംസ്ഥാനത്ത് വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. കോട്ടയം ഇലട്രിക്കൽ ഇലക്ട്രിക്കൽ ഇൻസ്പെക്ട്ടറേറ്റിലെ ഇൻസ്പെക്ടറായ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെകെ സോമനെയാണ് വിജിലൻസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഒരു ആവശ്യവുമായെത്തിയ ആളിൽ നിന്നും ഇയാൾ പതിനായിരം രൂപ വാങ്ങി. ബാക്കി പതിനായിരം ഇന്ന് നൽകണം എന്ന് പറഞ്ഞിരുന്നു.
തുടർന്നാണ് ആവശ്യക്കാരൻ വിജിലൻസിനെ സമീപിച്ചത്. ഇയാൾ വിജിലൻസ് നൽകിയ 10000 രൂപയുമായി എക്സിക്യുട്ടീവ് എഞ്ചിനീയറെ സമീപിച്ചു. തുടർന്ന് വിജിലൻസ് നൽകിയ പണം ഇയാൾ സോമന് കൈമാറുകയായിരുന്നു. സോമൻ പണം കൈയ്യിൽ വാങ്ങി തന്റെ പേഴ്സിലേക്ക് വെച്ചു. ഉടൻതന്നെ സോമനെ വീക്ഷിച്ചുനിന്ന വിജിലൻസ് സംഘം ഓഫീസിൽ കടന്ന് പ്രതിയെ പരിശോധിച്ച് പണം കണ്ടെത്തി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സ്വദേശിയായ കരാറുകാരനാണ് പരാതിക്കാരൻ.
Comments