മുംബൈ: അഹമ്മദ് നഗർ ജില്ലയ്‌ക്ക് ദേവി അഹല്യദേവി ഹോൾക്കറുടെ പേര് നൽകാൻ മഹാരാഷ്‌ട്ര സർക്കാർ തീരുമാനിച്ചു. അഹല്യദേവി ഹോൾക്കറുടെ 298-ാം ജന്മദിനത്തിലാണ് അഹമ്മദ് നഗർ അഹല്യ നഗറാക്കാൻ സർക്കാർ തീരുമാനമെടുത്തത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.
അഹല്യദേവി ഹോൾക്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് അഹല്യദേവിയുടെ ജന്മസ്ഥലമായ അഹമ്മദ് നഗർ ജില്ലയിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകവേയാണ് മുഖ്യമന്ത്രി പേരുമാറ്റം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
അഹമ്മദ് നഗറിന്റെ പേര് അഹല്യദേവി ഹോൾക്കറുടെ പേരിൽ പുനർനാമകരണം ചെയ്യണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നിരുന്നു. അഹമ്മദ് നഗറിന്റെ പേര് അഹല്യനഗറാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി സാമൂഹിക സംഘടനകൾ രംഗത്ത് വന്നിരുന്നു.
അഹല്യദേവിയുടെ ആദർശങ്ങൾ മുൻനിർത്തിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. അതിനാൽ അഹമ്മദ് നഗറിന്റെ പേര് ഉടൻ അഹല്യനഗർ എന്ന് പുനർനാമകരണം ചെയ്യും. പേരുമാറ്റത്തിലൂടെ നഗരത്തിന്റെ യശസ്സും വർധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭാരത സംസ്‌കാരത്തെ നശിപ്പിച്ച എകാധിപതികളുടെ നാമമുള്ള പ്രദേശങ്ങളുടെ പുനർനാമകരണം എന്ന ദൗത്യവുമായി മുന്നോട്ട് പോകുകയാണ് മഹാരാഷ്‌ട്ര സർക്കാർ. ഔറംഗബാദിനെ ഛത്രപതി സംഭാജിനഗർ എന്നാക്കി മാറ്റിയിരുന്നു. ഒപ്പം ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നും പുനർനാമകരണം ചെയ്തിരുന്നു.
Comments