കൊല്ലം: പനിബാധിച്ച് വിദ്യാർത്ഥി മരിച്ചു. കൊല്ലം കൊട്ടാരക്കര ആനക്കോട്ടൂർ ഗവൺമെന്റ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി സഞ്ജയ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പനി ബാധിച്ച് മരിച്ചത്. ആനക്കോട്ടൂർ സന്തോഷ് ഭവനത്തിൽ സന്തോഷിന്റെയും പ്രീതയുടെയും മകനാണ് പത്തു വയസ്സുകാരനായ സഞ്ജയ്. ഇന്ന് സ്കൂളിലേക്ക് പോകാനായി കുട്ടിക്ക് പുതിയ ബാഗും പുസ്തകങ്ങളും ചെരുപ്പും വസ്ത്രവും പാത്രവുമെല്ലാം വാങ്ങി വെച്ചിരുന്നു.
കഴിഞ്ഞ ദിവസം മുതൽ കുട്ടി പനി ബാധിച്ച് അവശനിലയിലായിരുന്നു. അച്ഛൻ സന്തോഷ് ജോലിക്ക് പോയതിനാൽ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നില്ല. കുട്ടിയുടെ അമ്മ പ്രീത സന്തോഷിനെ വിളിച്ച് കുഞ്ഞിന് പനിയാണെന്ന് അറിയിച്ചിരുന്നു. വൈകുന്നേരം സന്തോഷെത്തിയ ശേഷം ഓട്ടോറിക്ഷ വിളിച്ച് പ്രീതയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് വീട്ടുകാർ ആവശ്യപ്പെട്ട പ്രകാരമാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയത്ത് കുട്ടി സംസാരിക്കുന്നുണ്ടായിരുന്നില്ല എന്നാണ് സന്തോഷ് പറയുന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു.
മരണകാരണം പനി ബാധിച്ചതാണോ എന്ന് സംശയമുള്ളതായതിനാൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Comments