ചെന്നൈ: തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവുമായി യാത്രക്കാർ പിടിയിൽ. വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന തിരച്ചിലിലാണ് മൂന്ന് യാത്രക്കാർ പിടിയിലായത്.ഇവരിൽ നിന്നും 1197.5 ഗ്രാം 24 കാരറ്റ് സ്വർണം കണ്ടെടുത്തു. ഏകദേശം 72,73,781 രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
ബുധനാഴ്ച ക്വലാലലംബൂരിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നും ദുബായിൽ നിന്നുമെത്തിയ ഒരാളിൽ നിന്നുമാണ് സ്വർണം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. ലോഹത്തിലും പേസ്റ്റ് രൂപത്തിലുമാണ് സ്വർണം പിടിച്ചെടുത്തത്. ശരീരഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
മുൻപും സമാനരീതിയിൽ ഈ മാസത്തിൽ സ്വർണവുമായി യാത്രക്കാരനെ പിടികൂടിയിരുന്നു. എയർ ഇന്റലിജൻസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ യാത്രക്കാരനിൽ നിന്നും 1091 ഗ്രാം സ്വർണം കണ്ടെടുക്കുകയായിരുന്നു. ഏകദേശം 67,05,286 രൂപ വിലമതിക്കുന്ന സ്വർണമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.
Comments